Skip to main content

അറിയിപ്പുകള്‍

ഉജ്ജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന 'ഉജ്ജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 2025 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ മികവിനാണ് പുരസ്‌കാരം നല്‍കുക. 

ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുക. അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പത്രക്കുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സി.ഡി/പെന്‍ഡ്രൈവ് എന്നിവയും സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാംനില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് നേടിയ കുട്ടികളെയും ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയവരെയും അവാര്‍ഡിന് പരിഗണിക്കില്ല. അപേക്ഷാ ഫോം wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും ലഭ്യമാണ്. ഫോണ്‍: 0495 2378920

വിമുക്ത ഭടന്മാര്‍ക്ക് നിയമനം

എഫ്.എ.സി.ടിയില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. www.fact.co.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2771881. 

ഡി.ജി.ആറില്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിവിധ തസ്തികകളില്‍ നിയമനത്തിന് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ dgrddemp@desw.gov.in മുഖേന സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ https://dgrindia.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2771881.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് പങ്കെടുക്കാം. സംശയനിവാരണത്തിന് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2771881.

പി.ജി സീറ്റൊഴിവ്

കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ വിവിധ പി.ജി കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച്, പി.ഡബ്ല്യൂ.ഡി, ഇ.ടി.ബി, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി ലഭ്യമായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 13ന് വൈകീട്ട് നാലിന് മുമ്പ് കോളേജിലെത്തണം. ഫോണ്‍: 9188900234, 9447125107.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 13ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് മുമ്പ് കോളേജിലെത്തണം. വെബ്‌സൈറ്റ്: www.geckkd.ac.in. ഫോണ്‍: 0495 2383210.

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2026-27 അധ്യയന വര്‍ഷം ആരംഭിക്കുന്ന എം.ടെക് (വര്‍ക്കിങ് പ്രൊഫഷണല്‍സ്) -റിന്യൂവബിള്‍ എനര്‍ജി സായാഹ്ന പ്രോഗ്രാമിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2026 ആഗസ്റ്റ് 13ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം എത്തണം. വെബ്‌സൈറ്റ്: www.geckkd.ac.in. ഫോണ്‍: 9446310860, 9495688468.

ഗതാഗത നിയന്ത്രണം

ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡ് ടാറിങ് ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 11 (ചൊവ്വ) മുതല്‍ ഫറോക്ക് പുതിയപാലം-ചെറുവണ്ണൂര്‍ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും രാത്രി 10 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ഗാര്‍ഡര്‍ ലോഞ്ചിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൈക്കിള്‍ റാലി ഫ്‌ളാഗ്ഓഫ് 14ന്

2024ല്‍ വയനാട് പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ സ്മരണ പുതുക്കുന്നതിന്റെയും പ്രകൃതിക്ഷോഭം അതിജീവിച്ചവരെ ആദരിക്കുന്നതിന്റെയും ഭാഗമായി കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ആന്‍ഡ് റിക്കോര്‍ഡ്സ് വടക്കന്‍ ജില്ലകളില്‍ സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലിയുടെ കോഴിക്കോട് ജില്ലയിലെ ഫ്‌ളാഗ്ഓഫ് ഓഗസ്റ്റ് 14ന് രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. ഇതിന്റെ ഭാഗമായി സൈനികക്ഷേമ ഓഫീസ്, സ്പര്‍ശ്, ആധാര്‍ കാര്‍ഡ് സര്‍വീസ് എന്നിവയുടെ കൗണ്ടര്‍ ഉണ്ടാകും. ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും സംബന്ധിക്കണമെന്നും ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി

സംസ്ഥാനത്ത് ബാര്‍ബര്‍ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ട പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കുള്ള ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. ഉയര്‍ന്ന പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 60 വയസ്സ്. www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11,13,14 തീയതികളില്‍ വൈകീട്ട് മൂന്ന് വരെ സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.

സീറ്റൊഴിവ്

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്, ഡി/സിവില്‍ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. നിലവില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷ നല്‍കാത്തവര്‍ക്കും ഓഗസ്റ്റ് 14ന് മുമ്പ് നേരിട്ടെത്തി അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധിയില്ല. ഫോണ്‍: 0495 2415040.

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്ത, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 60 വയസ്സ് കവിയരുത്. ഇതേ പദ്ധതിയില്‍ മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. ഓഗസ്റ്റ് 31നകം www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786.

വെറ്ററിനറി സര്‍ജന്‍ നിയമനം

കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.

കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അപേക്ഷിക്കാം

ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി നാളികേര വികസന ബോര്‍ഡ് സബ്സിഡിയില്‍ നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ തെങ്ങ് കയറ്റം, തേങ്ങ പൊതിക്കല്‍, കൊപ്രപ്പണി എന്നീ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
കടന്നല്‍ കുത്ത്, താല്‍ക്കാലിക അപകടങ്ങള്‍ എന്നിവക്ക് ആഴ്ചയില്‍ 3,500 രൂപ വെച്ച് ആറാഴ്ച വരെ താല്‍ക്കാലിക സമാശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യമുണ്ടാകുന്നവര്‍ക്ക് മൂന്നര ലക്ഷം എന്നിങ്ങനെ പദ്ധതിയില്‍ ലഭിക്കും. അപേക്ഷാ ഫോമുകള്‍ ഓഫീസില്‍ ലഭിക്കും. വാര്‍ഷിക പ്രീമിയം: 200 രൂപ. ഫോണ്‍: 8891889720, 9446252689.

date