Skip to main content

അപ്പീല്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ നല്‍കും: വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമപ്രകാരം നല്‍കുന്ന ഒന്നാം അപ്പീലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ രാമകൃഷ്ണന്‍. കൊല്ലം ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തിയ വിവരാവകാശ കമ്മീഷന്‍  ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപേക്ഷകന് വിവരം ലഭിക്കാതെ വരുമ്പോള്‍ സമര്‍പ്പിക്കുന്ന ഒന്നാം അപ്പീലുകള്‍ കൃത്യതയോടും കാര്യക്ഷമതയോടും കൂടെ തീര്‍പ്പാക്കി മറുപടി നല്‍കാനുള്ള നിയമപരമായ ബാധ്യത ഒന്നാം അപ്പീല്‍ അധികാരിയായ ഉദ്യോഗസ്ഥനുണ്ട്. വിവരം ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും അപ്പീലധികാരിയ്ക്കാണ്. ഒന്നാം അപ്പീലുകള്‍ കാര്യക്ഷമമായി തീര്‍പ്പാക്കിയാല്‍ കമ്മീഷനില്‍ എത്തുന്ന രണ്ടാം അപ്പീലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും. അപ്പീല്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൊതുവിവരാവകാശ ഓഫീസര്‍മാര്‍ അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കരുതെന്നും പൊതുവിവരാവകാശ ഓഫീസര്‍മാര്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ല. രേഖകളും ഫയലുകളും വര്‍ഗ്ഗീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പത്തില്‍ ലഭ്യമാക്കാനുമുള്ള ഉത്തരവാദിത്വം വിവരാവകാശ നിയമം വകുപ്പ് 4 പ്രകാരം പൊതുഅധികാരികള്‍ക്കുണ്ട്. അതേസമയം, ഒരേ വിഷയത്തില്‍ തന്നെ നിരവധി അപേക്ഷകളും അപ്പീലുകളും സമര്‍പ്പിക്കുന്നത് വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വ്യക്തമായ വിവരങ്ങള്‍ നല്‍കാത്ത ഡി.എം.ഒ ഓഫീസ്, കുരീപ്പുഴ ഗവ. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ പൊതുവിവരാവകാശ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിയറിംഗില്‍ പരിഗണിച്ച 18 അപ്പീലുകള്‍ കമ്മീഷന്‍ തീര്‍പ്പാക്കി.
 

 

date