Skip to main content
..

അദാലത്തുകള്‍ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അദാലത്തുകള്‍ വഴിയുള്ള അതിവേഗ തീര്‍പ് സഹായകമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, വനിതാ-ശിശുവികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ആശ്വാസ് 2026' ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയുടെ ജില്ലാതലഅദാലത്ത് ചിന്നക്കട കേരള ബാങ്ക് മിനിഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വായ്പാതിരിച്ചടവ് മുടങ്ങിയവര്‍ക്കും ബാങ്കുകളുടെ കുടിശ്ശികയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനും അദാലത്തുകള്‍ ഉപകാരപ്പെടും.  അതിദരിദ്രപട്ടികയിലുള്ളവര്‍, ഗുരുതര രോഗംബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഒരുക്കുന്നത്. ജില്ലയില്‍  ഇതുവരെ  സഹകരണ സംഘങ്ങളുടെതലത്തില്‍ 614 അദാലത്തുകള്‍ നടന്നു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലങ്ങളിലും സംഘടിപ്പിച്ചു; 2868 വായ്പകളിലായി 10.39 കോടിയുടെ ഇളവ് അനുവദിച്ചെന്നുവെന്നും മന്ത്രി അറിയിച്ചു.
കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ തമ്പാന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജെ ശോഭന, പരവൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ നെടുങ്ങോലം രഘു, വിവിധ സഹകരണയൂണിയന്‍ സര്‍ക്കിള്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date