ക്യാൻസറിനെതിരെ ആയുർവേദ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി പ്രതിരോധം തീർക്കണം: മന്ത്രി റോജി എം. ജോൺ
ക്യാൻസറിനെതിരെ എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും ഏകോപിപ്പിച്ചും ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും ശക്തമായ പ്രതിരോധം തീർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. തിരുവനന്തപുരത്ത് ഗവ. ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്റർനാഷണൽ കൺവർജൻസ് ഓൺ കോ - ഓപ്പറേറ്റീവ് ഓങ്കോളജി (ICCO 2026) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വർഷങ്ങൾക്ക് മുമ്പ് ഒരു പഞ്ചായത്തിൽ പോലും വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ക്യാൻസർ രോഗം ഇന്ന് സമൂഹത്തിൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ക്യാൻസറിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ പ്രതിരോധം തീർക്കേണ്ടത് പൊതുവായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
കോ-ഓപ്പറേറ്റീവ് ഓങ്കോളജി എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സമ്മേളനത്തിലെ ചർച്ചകളും ഉയർന്നുവന്ന ആശയങ്ങളും ഈ മേഖലയിൽ പ്രയോജനകരമാക്കണമെന്നും ആയുർവേദത്തിന്റെ സാധ്യതകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ക്യാൻസറിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ദേശീയ ആയുഷ് മിഷൻ കേരളം ഡയറക്ടർ അനു എസ്. നായർ, ആയുർവേദ കോളേജ് അടിസ്ഥാന തത്വശാസ്ത്ര വിഭാഗം മേധാവി ഡോ. എം രശ്മി, ഡോ. അർജുൻ എം (എഎംഎ റിസർച്ച് ഫൗണ്ടേഷൻ), ICCO 2026 സംഘാടക സെക്രട്ടറി ഡോ. നീനു പീറ്റർ, എ വി സി അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ ആർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3187/2026
- Log in to post comments