അപകട ഇൻഷുറൻസ് പദ്ധതി; അപേക്ഷ ക്ഷണിച്ചു
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB) നിവ ബുപ ഹെൽത്ത് ഇൻഷുറൻസും ചേർന്ന് മത്സ്യഫെഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി (2026-27) നടപ്പിലാക്കുന്നു. 18 മുതൽ 70 വയസ്സുവരെയുള്ള പ്രായപൂർത്തിയായ മത്സ്യത്തൊഴിലാളികൾക്കാണ് ഒരു വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിയിൽ ചേരാൻ അവസരമുള്ളത്. പദ്ധതി വഴി 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ ലഭിക്കും.
അപകട മരണത്തിനോ സ്ഥിരമായ പൂർണ്ണ/ഭാഗിക വൈകല്യങ്ങൾക്കോ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഈ ഇൻഷുറൻസ്. കൂടാതെ അപകടങ്ങൾ മൂലമുള്ള ചികിത്സയ്ക്ക് 1 ലക്ഷം രൂപ വരെയുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റും കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1 ലക്ഷം രൂപയുടെ അലവൻസും ലഭിക്കും. കോമറ്റോസ് അവസ്ഥയിലാകുന്നവർക്ക് 1 ലക്ഷം രൂപ വരെയും അന്ത്യകർമ്മങ്ങൾക്കും ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കുന്നതിനുമായി 5,000 രൂപ വീതവും ആനുകൂല്യം ലഭ്യമാണ്.
ഇതിനുപുറമെ, അപകടം മൂലം തുടർച്ചയായി 7 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ തേടേണ്ടി വന്നാൽ 10,000 രൂപ ഹോസ്പിറ്റൽ ക്യാഷ് ആനുകൂല്യമായും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31.പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ അംഗങ്ങളാകുന്നതിനുമായി മത്സ്യത്തൊഴിലാളികൾ തങ്ങളുടെ പ്രാദേശിക മത്സ്യത്തൊഴിലാളി സഹകരണ സംഘവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:0484 2222511
സാമ്പത്തിക സഹായം : അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിമുക്തഭടന്മാർ വിധവകൾ എന്നിവർക്കുള്ള വാർഷിക സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള യോഗ്യരായ വിമുക്തഭടന്മാർ, വിധവകൾ എന്നിവർ ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ, മറ്റൊരാൾ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0484-2422239.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (1st NCA - LC/AI) (കാറ്റഗറി നം. 102/2024) തസ്തികയിൽ ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാൽ ഈ റാങ്ക് ലിസ്റ്റ് (642/2025/SSII) റദ്ദാക്കി.
- Log in to post comments