വട്ടിയൂർക്കാവിൽ കൊതുകുജന്യരോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതം: ഡി.എം.ഒ
#പ്രത്യേക അവലോകന യോഗം ഇന്ന് (ആഗസ്റ്റ് 14)#
വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ വിവിധ വാർഡുകളിൽ ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ ഊർജ്ജിത പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജൂൺ, ജൂലൈ മാസങ്ങളിൽ വട്ടിയൂർക്കാവ് മേഖലയിൽ 54 ചിക്കുൻഗുനിയ കേസുകളും 87 ഡെങ്കിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം തടയുന്നതിനായി കൃത്യമായ ആക്ഷൻ പ്ലാൻ തയാറാക്കി ഫീൽഡ് തലത്തിൽ ഉറവിട നശീകരണം, ഫോഗിംഗ്, ഐ.എസ്.എസ്, ബോധവത്ക്കരണം എന്നിവ നടപ്പാക്കി വരികയാണ്.
പ്രതിരോധപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക അവലോകനയോഗം ഇന്ന് (ആഗസ്റ്റ് 14) വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
ചിക്കുൻഗുനിയ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട വാഴോട്ടുകോണം വാർഡിൽ ഡി.വി.സി യൂണിറ്റ്, വട്ടിയൂർക്കാവ് എഫ്.എച്ച്.സി പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ ചേർന്ന് ഒരാഴ്ചക്കാലം നിരന്തര പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി പ്രദേശത്ത് ചിക്കുൻഗുനിയ കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത കൊടുങ്ങാനൂർ വാർഡിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ ആർ.ആർ.ടി യോഗം ചേരുകയും, ജൂലൈ 19ന് മേയറുടെ നേതൃത്വത്തിൽ ജനകീയ ഉറവിട നശീകരണം നടത്തുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർ, ആശാ-അങ്കണവാടി ജീവനക്കാർ, കോർപ്പറേഷൻ ജീവനക്കാർ, ഹരിതകർമ്മസേന, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ഇതിൽ പങ്കാളികളായി.
നെട്ടയം വാർഡിൽ ഡെങ്കിപ്പനി നിയന്ത്രണത്തിനായി വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ ആർ.ആർ.ടി യോഗം ചേരുകയും ജൂലൈ 26ന് സന്നദ്ധസംഘടനകളെയും പ്രാദേശിക കൂട്ടായ്മകളെയും പങ്കെടുപ്പിച്ച് ഊർജ്ജിത ഉറവിട നശീകരണവും ലഘുലേഖ വിതരണവും ഫോഗിംഗും പൂർത്തിയാക്കുകയും ചെയ്തു.
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും നിലവിൽ നിയന്ത്രണവിധേയമാണെന്നും, ആരോഗ്യ വകുപ്പ് ജീവനക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
ജാഗ്രതാ നിർദേശം
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. വീടും പരിസരവും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച തൊഴിലിടങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. കടുത്ത പനി, കഠിനമായ സന്ധിവേദന, തലവേദന, ശരീരത്തിൽ തണർപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.
- Log in to post comments