Skip to main content

ചാല്‍ ബീച്ചില്‍ 'സുനാമി' .....!

 

-'ജാഗ്രതയില്‍' കടല്‍ത്തീരം

ദുരന്ത പ്രതികരണ മാതൃകയായി മോക്ഡ്രിൽ

അതുവരെയും ശാന്തമായിരുന്ന കടലില്‍ അസ്വഭാവികമായ തിരയിളക്കം. പെട്ടെന്ന് ഇരുണ്ട് മൂടി മഴയുമെത്തിയതോടെ കടലില്‍ രൗദ്രതയുടെ നിഴല്‍. താലൂക്കിലെ ഐ.ആര്‍.എസ് നിയന്ത്രണ മുറിയില്‍ നിന്നും അടിയന്തിര സന്ദേശമെത്തി. ചാല്‍ ബീച്ചിന് സമീപം വന്‍ സുനാമിയുടെ സാധ്യതകളുമായി ദുരന്ത മുന്നറിയിപ്പിന്റെ മേല്‍ സന്ദേശങ്ങള്‍. ഇത് കൂടിയായതോടെ പരിഭ്രാന്തിയിലായിരുന്നു ചാല്‍ബീച്ചിന്റെ തീരങ്ങളെല്ലാം. അഗ്നി രക്ഷാസേനയുടെയും പോലീസിന്റെയുമെല്ലാം വാഹനങ്ങളും ആംബുലന്‍സുകളുമെല്ലാം കടത്തീരത്തേക്ക് പാഞ്ഞെത്താന്‍ തുടങ്ങി. അടിയന്തിര സാഹചര്യങ്ങളെല്ലാം നേരിടാനുള്ള സര്‍വ്വ സന്നാഹങ്ങളും  കടല്‍ത്തീരത്തെത്തിയതോടെ പ്രദേശവാസികളും നാട്ടുകാരുമെല്ലാം ഒന്ന് അമ്പരന്നു. 

സുനാമി ദുരന്ത മുന്നറിയിപ്പിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ നേര്‍ക്കാഴ്ചകള്‍ക്കാണ് പിന്നീട് ഈ തീരം സാക്ഷ്യം വഹിച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന കൂട്ടായ പരിശ്രമങ്ങളില്‍  അമ്പതോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥനത്തേക്ക് മാറ്റിയതോടെയാണ് ആശങ്കകള്‍ക്കെല്ലാം വിരാമമായത്. മോക് ഡ്രില്ലിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും സന്നാഹങ്ങളുടെ കൃത്യതയായിരുന്നു ഒരു നിമിഷം നാടിനെയും  ജാഗ്രതയിലാക്കിയത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശാനുസുരണം അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന റെഡി സുനാമി മോക് ഡ്രില്ലാണ് ദുരന്ത പ്രതികരണ മുന്നൊരുക്കത്തിന്റെ മാതൃകയായത്. റവന്യു, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും മോക് ഡ്രില്ലില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഏറ്റവും വേഗത്തിലും കരുതലോയടെയും ദുരന്ത മുഖത്ത് കാര്യക്ഷമമായി ഇടപെടുന്നതിന്റെ പരിശോധന കൂടിയായി മോക് ഡ്രില്‍ മാറി. 

വ്യാഴാഴ്ച കാലത്ത് പത്തോടെ ജാഗ്രത മുന്നറിയിപ്പ് ലഭിച്ചതോടെ പ്രദേശത്ത് അപായ സൈറന്‍ മുഴങ്ങുകയും പ്രദേശവാസികളെയെല്ലാം ദുരന്ത സാധ്യകള്‍ അറിയിക്കുകയും  ചെയ്യുകയെന്നാതയിരുന്നു ഫീല്‍ഡ് തല ആദ്യ നടപടികള്‍. എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അതിവേഗം ആളുകളെ കുടിയൊഴിപ്പിക്കുകയെന്നതായിരുന്നു അടുത്ത ലക്ഷ്യം.  

ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പ് രോഗികള്‍ എന്നിവരെയെല്ലാം ആംബുലന്‍സിന്റെ സഹായത്തോടെ ആദ്യ സുരക്ഷിത കേന്ദ്രമായ ഇ.എം.എസ് വായനശാലയിലെത്തിച്ചു. ഇവിടെ നിന്നും അവശാരയുള്ളവര്‍ക്കെല്ലാം  പ്രാഥമിക ചികിത്സ നല്‍കി .ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയ ഓള്‍ഡേജ് ഹോമിലേക്ക് പിന്നീട്  അവരെ എത്തിക്കുകയായിരുന്നു. അതിനോടൊപ്പം എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികളും വേഗത്തിലായി. 

മണിക്കൂറുകള്‍ നീണ്ട സുനാമി മുന്നൊരുക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ക്കൊപ്പം നാടെല്ലാം പങ്കാളികളായി. ദുരന്തപ്രതികരണത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കല്‍, ഇതര വകുപ്പുകളുടെ ഏകോപനം എന്നിവയെല്ലാം മോക്ഡ്രില്ലിന് ശേഷം വിലയിരുത്തി. 

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സനില, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ  സി.വി. മോഹനന്‍, ഫൈസല്‍ വള്ളിയോട്ട്, പ്രജോഷ് പുരുഷോത്തമന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ കെ.കെ.ജിതേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ബി.ജോയ്, കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെകടര്‍ എം.പി.അനില്‍കുമാര്‍, ബി.ഡി.ഒ കെ.സീമ, ഡോ.സുമന്‍ മോഹന്‍, കെ. െൈഷനി തുടങ്ങിയവര്‍ മോക് ഡ്രില്‍ അവലോകനയോഗത്തില്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുരേശന്‍, ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എസ്.ഐശ്വര്യ, തസ്ലീം ഫാസില്‍, അഴീക്കോട നോര്‍ത്ത്് വില്ലേജ് ഓഫീസര്‍ ഇ.രതീഷ്,
 ഡോ.മിനിശ്രീധരന്‍ വിവിധ വകുപ്പ് തല ഉദോഗസ്ഥര്‍, ഫയര്‍ റെസ്‌ക്യു വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.

date