Skip to main content

നൂതനാശയങ്ങൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ വരുത്തും : മന്ത്രി കെ.മുരളീധരൻ

#വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ നടന്ന ജില്ലാതല പ്രോജക്ട് എക്സ്പോ മന്ത്രി ഉദ്ഘാടനം ചെയ്തു#

കാലത്തിനനുസരിച്ച് വിദ്യാഭ്യാസത്തിലും മാറ്റങ്ങൾ വരുത്തണമെന്നും നവീനമായ  പദ്ധതികളാണ് ഇന്നത്തെ തലമുറയെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും  ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടന്ന  ജില്ലാതല പ്രോജക്ട് എക്സ്പോ 'ഇന്നോടെക് 2026' ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ന് എല്ലാ മേഖലകളിലും ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. പുതിയ ആശയങ്ങൾ ഉൾപെടുത്തിയുള്ള വിദ്യാഭ്യാസത്തിലൂടെ, നമ്മുടെ കുട്ടികളെ കരുത്തരാക്കി മാറ്റുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ പ്രിന്റിംഗ് ടെക്നോളജി കോഴ്സ് ഉൾപെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 

വിവിധ കോളേജുകളുടെ 37 പുതിയ പ്രൊജക്ടുകളാണ് എക്സ്പോയിൽ അവതരിപ്പിച്ചത്. വ്യാവസായിക രംഗത്തെ പ്രമുഖരുമായി സംസാരിക്കാനുള്ള അവസരവും മികച്ച പ്രൊജക്ടുകൾക്ക് സമ്മാനവും നൽകി. മികച്ച ഇന്നോവേറ്റീവ് പ്രൊജക്ടിനുള്ള സമ്മാനം ബാർട്ടൻഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജും  മികച്ച സ്റ്റാർട്ടപ്പ് പൊട്ടൻഷ്യൽ പ്രൊജക്ടിനുള്ള സമ്മാനം പാലാ ഗവ.പോളിടെക്നിക്ക് കോളേജും നേടി. മികച്ച സോഷ്യൽ ഇംപാക്ട് പ്രൊജക്ടും മികച്ച സസ്റ്റൈനബിൽ ടെക്നോളജി പ്രൊജക്ടും അവതരിപ്പിച്ച് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് എക്സ്പോയിലെ താരങ്ങളായി. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ് പി, കേരള സ്പേസ് പാർക്ക് സി.ഇ.ഒ. ജി.ലെവിൻ, സ്‌കിൽ ഹാരാ ചെയർമാൻ ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുഷ ടി.ടി തുടങ്ങിയവർ പങ്കെടുത്തു.

date