സ്‌കൂൾ കുട്ടികൾക്കായി അരി വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 19) മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 19) പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വിശിഷ്ടാതിഥിയാകും. ശശി തരൂർ എം പി, മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, വാർഡ് കൗൺസിലർ രേഷ്മ സി, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബു, ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജർ (ഇൻ ചാർജ്) രവികുമാരൻ നായർ എസ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ബിജു ആർ, തിരുവനന്തപുരം നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലീനാ ദേവി എസ് വി, പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ്കുമാർ എസ് എ, പി.ടി.എ. പ്രസിഡന്റ് അജിത്കുമാർ എം എസ്, എസ്.എം.സി. ചെയർമാൻ സജയ് നാരായൺ, മദർ പി.ടി.എ. പ്രസിഡന്റ് ജയറാണി തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 3293/2026
- Log in to post comments