കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്; 11,500 രൂപ അഡ്വാൻസായി നൽകും ഓഗസ്റ്റ് 23നകം ബോണസ് അഡ്വാൻസ് വിതരണം ചെയ്യും
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള 2026 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.
നിശ്ചയിച്ച ബോണസ് തുകയിൽനിന്ന് അഡ്വാൻസ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2026 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ അഡ്വാൻസ് തുക കൂടുതലാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും.
ബോണസ് അഡ്വാൻസ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവർത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താൽ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 11,500 രൂപയുടെ ബോണസ് അഡ്വാൻസിന് പൂർണമായി അർഹതയില്ലെങ്കിൽ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.
ബോണസ് അഡ്വാൻസ് ഓഗസ്റ്റ് 23നകം തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. 2026 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് കണക്കാക്കുക.
2026 ജൂലൈ 31 വരെയുള്ള കാലയളവിൽ 75 ശതമാനം ഹാജരുള്ള തൊഴിലാളികൾക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് ഹാജരുള്ളവർക്ക് ആനുപാതികമായ തുകയും നൽകും. വ്യവസ്ഥകൾ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ അംഗീകരിച്ച് ഒപ്പുവച്ചു.
തൊഴിലാളി പ്രതിനിധികളായ എ. എ. അസീസ്, കോതേത്ത് ഭാസുരൻ, എം. എസ്. ഷൗക്കത്ത്, ചിരട്ടക്കോണം സുരേഷ്, ശിവജി സുദർശനൻ, ജി. ലാലു, ബി. തുളസീധരക്കുറുപ്പ്, റ്റി. ആർ. ഗോപകുമാർ, ആർ. വിജയരാജൻപിള്ള, കൊടുക്കുന്നിൽ സുരേഷ് എം. പിയുടെ പി. എ എന്നിവരും
തൊഴിലുടമ പ്രതിനിധികളായ ബാബു ഉമ്മൻ, നൗഫൽ സലാം, ജോബ്രാൻ ജി. വർഗീസ്, അബ്ദുൾ സലാം, സന്തോഷ് കുമാർ, സുനിൽ ജോൺ എം. ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3310/2026
- Log in to post comments