ഹരിത ഓണം - മാവേലി യാത്രക്ക് തുടക്കമായി
പരിസ്ഥിതി സൗഹാർദ്ദ ഓണാഘോഷ സന്ദേശ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന 'ഹരിത ഓണം' ക്യാമ്പയിനോട് അനുബന്ധിച്ചുള്ള 'മാവേലി യാത്ര' വാഹന പര്യടനം തദ്ദേശ ഭരണവകുപ്പ് വകുപ്പ് മന്ത്രി കെ. എം ഷാജിയും ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് സാംസ്കാരികം- ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. ആഘോഷങ്ങൾ ഓണം കഴിയുമ്പോഴും പരിസ്ഥിതി സൗഹൃദമായി തന്നെ അവസാനിക്കണമെന്നുള്ളതുകൊണ്ടാണ്, ഹരിത ഓണം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായി ശുചിത്വമിഷൻ ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണാഘോഷങ്ങൾ പൂർണ്ണമായും പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവുമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന ശുചിത്വ മിഷന്റെ നിർദ്ദേശാനുസരണം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രത്യേക ബോധവത്ക്കരണ വാഹനത്തിന്റെ പര്യടനം.
ഡിജിറ്റൽ സ്ക്രീനും ശബ്ദസന്ദേശവുമടങ്ങിയ മാവേലിയാത്രയുടെ വാഹനം എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. ടൂറിസം വകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് അങ്കണത്തിൽ നടന്ന ഫ്ളാഗ് ഓഫ് പരിപാടിയിൽ ശുചിത്വ മിഷൻ ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ജഹാംഗിർ എം,ശുചിത്വ മിഷൻ ഡയറക്ടർ ഓപ്പറേഷൻസ് ജഹാംഗീർ, തദ്ദേശ സ്വയംഭരണ വകുപ്പിലെയും, ശുചിത്വ മിഷനിലെയും ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അത്യാധുനിക എൽ.ഇ.ഡി സ്ക്രീൻ സജ്ജീകരിച്ചിട്ടുള്ള പ്രചാരണ വാഹനത്തിലൂടെ ഹരിത ചട്ടങ്ങൾ സംബന്ധിച്ച സന്ദേശങ്ങളും ഹ്രസ്വ ചിത്രങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കും. ജില്ലയിലെ പ്രധാന പൊതുസ്ഥലങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വാഹന പര്യടനം ക്രമീകരിച്ചിരിക്കുന്നത്. പ്രചാരണത്തോടൊപ്പം പരമ്പരാഗത വേഷവിധാനങ്ങളോടെയുള്ള മാവേലിയുടെ സാന്നിധ്യവും ജനശ്രദ്ധ ആകർഷിക്കും. ഡിസ്പോസിബിൾ-പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂർണമായി വർജ്ജിക്കാനും, പുക്കളവും ഓണസദ്യയും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പ്രകൃതിദത്ത ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഹരിതാഭമാക്കാനും ജില്ലാ ശുചിത്വമിഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
- Log in to post comments