നവസ്പർശം പദ്ധതി ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യ വില്പനയും നാളെ (21) മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിക്കും
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഗവ. ആശാഭവനിൽ (മെൻ) നവസ്പർശം പദ്ധതിയുടെ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി ആരംഭിച്ച ഡിറ്റർജന്റ് നിർമാണയൂണിറ്റിന്റെ ഉദ്ഘാടനവും ഓണാഘോഷവും ഫിഷറീസ്- സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നാളെ (ഓഗസ്റ്റ് 21) രാവിലെ 10.30 ന് നിർവഹിക്കും. പദ്ധതിയുടെ ലോഗോയും മന്ത്രി ഇതോടൊപ്പം പ്രകാശനം ചെയ്യും. ഉമ തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. നവസ്പർശം ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാ കളക്ടർ ജി പ്രിയങ്ക ഏറ്റുവാങ്ങും.
മാനസിക രോഗം ചികിത്സയിലൂടെ നിയന്ത്രണ വിധേയമായവരും ബന്ധുക്കൾ ആരും സ്വീകരിക്കാത്തവരുമായ 18 വയസ് കഴിഞ്ഞ വ്യക്തികളുടെ സംരംക്ഷണത്തിനും ക്ഷേമത്തിലും പുനരധിവാസത്തിനുമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആശാഭവൻ.
സ്‌ഥാപനത്തിലെ താമസക്കാർക്ക് ഉമ തോമസ് എം എൽ എ ഓണക്കോടി വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ വിശിഷ്ഠാതിഥിയും, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി മുഖ്യാതിഥിയുമാകുന്ന ചടങ്ങിൽ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ജെ ജോൺ ജോഷി, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments