ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം-സെമിനാര്‍ സംഘടിപ്പിച്ചു
ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്ന വിഷയത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും ഇടുക്കി ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് വൈജ്ഞാനിക, സാഹിത്യ,
സാംസ്‌കാരിക സെമിനാര്‍ സംഘടിപ്പിച്ചു. തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സന്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംസിയ നിസാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ഇടുക്കി ജില്ലാ കോ-ഓഡിനേറ്റര്‍ പി എം അബ്ദള്‍കരീം സ്വാഗതം പറഞ്ഞു.
സമൂഹത്തില്‍ എല്ലാവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ.അഭിലാഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കനിത ഡി.കെ. സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകള്‍, പ്രവേശന നടപടിക്രമങ്ങള്‍, തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ പരിചയപ്പെടുത്തി.
സര്‍വകലാശാല തൃപ്പൂണിത്തുറ റീജിയണല്‍ ഡയറക്ടര്‍ ഡോ. ജോജോമോന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ വി.ഡി. തൊടുപുഴ അല്‍-അസ്ഹര്‍ കോളജ് വൈസ്പ്രിന്‍സിപ്പല്‍ അരുണ്‍ ഗോപാല്‍, സാദിര കെ എസ് എന്നിവര്‍ പ്രസംഗിച്ചു. സാക്ഷരതാമിഷന്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍ ബെന്നി ജോണ്‍ നന്ദി പറഞ്ഞു. സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഡിഗ്രി തലത്തില്‍ ഉന്നത പഠനത്തിനുള്ള അവസരങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ പി എം അബ്ദുള്‍കരീം പറഞ്ഞു.
പ്രായം, സാമ്പത്തിക സാഹചര്യം തുടങ്ങി പല കാരണങ്ങളാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്ക് തിരിച്ചെത്താന്‍ ഓപ്പണ്‍ സര്‍വ്വകലാശാല അവസരം ഒരുക്കുമെന്ന് രജിസ്ട്രാര്‍ ഡോ.അഭിലാഷ് ബാബു പറഞ്ഞു. സെമിനാറില്‍ സാക്ഷരതാ മിഷന്‍ പഠിതാക്കള്‍ തങ്ങളുടെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പഠനം തുടരാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ പഠിതാക്കള്‍ പങ്കിട്ടു.
ചിത്രം: ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്ന വിഷയത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും ഇടുക്കി ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സന്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments