നെഹ്റുട്രോഫി വള്ളംകളി: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 22 ന് രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാക്കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെ കെ എസ് ആർ ടി സി ബസ്സുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തി വിടുന്നതല്ല.
എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽ നിന്നും കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയ ശേഷം വൈ.എം.സി.എ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊല്ലം ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈ.എം.സി.എ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെ എസ് ആർ ടി സി ബസ്സുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽ നിന്നും പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
നെഹ്റുട്രോഫി വള്ളം കളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്‌ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവ്വീസ് നടത്തുന്നതാണ്.
- Log in to post comments