ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന് (ഓഗസ്റ്റ് 21)
ദേശീയ നേത്രദാന പക്ഷാചരണത്തിൻറെ കോട്ടയം ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും ഇന്ന് (ഓഗസ്റ്റ് 21, വെള്ളി) നടക്കും. രാവിലെ ഒൻപതിന് കടുത്തുരുത്തി എഴുമാന്തുരുത്ത് എസ്.എൻ.ഡി.പി ഹാളിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോയ് ജോർജ്ജ് വെട്ടിക്കത്തടത്തിൽ അധ്യക്ഷത വഹിക്കും.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ആൻ മരിയ ജോർജ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ് നേത്രദാന സമ്മതപത്രം സ്വീകരിക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും എൻ.പി.സി.ബി. ജില്ലാ പ്രോഗ്രാം ഓഫീസറുമായ ഡോ. ആർ. സന്തോഷ് കുമാർ നേത്രദാന സന്ദേശം നൽകും.കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധ ഡോ. അനു ആൻറണി നേത്രദാന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും. സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഓഗസ്റ്റ് 25 മുതൽ സെപബ്റ്റംബർ എട്ടുവരെയാണ് നേത്രദാന പക്ഷാചരണം. ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ അന്ധതാ-കാഴ്ചവൈകല്യ നിയന്ത്രണ പരിപാടി (എൻ.പി.സി.ബി), കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments