എറണാകുളത്ത് ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ 'ലാവണ്യം 2026
* 7 ദിവസം നീളുന്ന കലാവിരുന്ന്
* ആഗസ്റ്റ് 24 മുതൽ
* 15 വേദികൾ
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയുടെ വിപുലമായ ഓണാഘോഷ പരിപാടി "ലാവണ്യം 2026" ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. ഇക്കുറി പ്രധാന വേദിയായ എറണാകുളം ദർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് പുറമേ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, വടക്കൻ പറവൂർ, കോതമംഗലം, പിറവം, പെരുമ്പാവൂർ, പള്ളുരുത്തി, പാമ്പാക്കുട, വൈപ്പിൻ, മൂവാറ്റുപുഴ, കുട്ടമ്പുഴ, കടമ്പ്രയാർ, ദർബാർഹാൾ ഗ്രൗണ്ട്, വാസ്കോഡഗാമ സ്ക്വയർ, കുമ്പളങ്ങി എന്നിങ്ങനെ ജില്ലയിലൊട്ടാകെയുള്ള 15 വേദികളിലായി നാൽപതോളം കലാപരിപാടികളാണ് അരങ്ങേറുന്നത്.
പൂരാടദിനമായ ആഗസ്റ്റ് 24-ന് വൈകിട്ട് 6 മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 5:30-ന് ശിങ്കാരിമേളം, 6:00-ന് കൃഷ്‌ണപ്രിയ രേഷിന്റെ സോപാനസംഗീതം, 6:30-ന് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, 7:30-ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവ നടക്കും.
ഉത്രാടദിനമായ ആഗസ്റ്റ് 25-ന് ഉച്ചയ്ക്ക് 12.30 ന് കുട്ടമ്പുഴ പന്തപ്ര കോളനിയിൽ ഓണസദ്യയും ഓണക്കോടി വിതരണവും നടക്കും. അന്നേദിവസം വൈകിട്ട് 6 മണിക്ക് സരിത് ബാബുവിന്റെ നിണബലി, ബേണി ഇഗ്നേഷ്യസിന്റെ 'ബേണീസ് ഗ്ലോബൽ ഗ്രൂവ്സ് മ്യൂസിക്കൽ ബാൻഡ്' എന്നിവയും ദർബാർ ഹാൾ ഗ്രൗണ്ടിൽ അരങ്ങേറും.
തിരുവോണ ദിനമായ ആഗസ്റ്റ് 26-ന് ഭാരത് ഭവനും സാംസ്കാരിക വകുപ്പും ചേർന്ന് ജമ്മു കശ്മീർ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അണിനിരത്തുന്ന 'ഇന്ത്യൻ വസന്തോത്സവം 2026' അരങ്ങേറും.
അവിട്ടദിനമായ ആഗസ്റ്റ് 27-ന് ഐഡിയാസ് ആർട്ട് കൊച്ചിയുടെ പുലികളിയും സാം ശിവയുടെ ലൈവ് ഫ്യൂഷനും, ചതയ ദിനമായ ആഗസ്റ്റ് 28-ന് ഉഷാ എൻ.എസിന്റെ കളമെഴുത്തും പാട്ടും സർപ്പപാട്ടും കൂടാതെ ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുടെ 'രസസഞ്ചാരം' നാട്യനൃത്തരംഗാവിഷ്കാരവും നടക്കും.
ആഗസ്റ്റ് 29-ന് കലാമണ്ഡലം അബിജോഷും സംഘവും അവതരിപ്പിക്കുന്ന പാഠകവും നിഖിൽ കണ്ണൂർ വടക്കൻസ് അവതരിപ്പിക്കുന്ന നാടൻപാട്ടുകളും അവസാന ദിനമായ ആഗസ്റ്റ് 30-ന് സെന്റ് ആൽബർട്ട്സ് കോളേജിന്റെ 'കേരളീയം' ഡാൻസ് ഷോയും ഗിന്നസ് പക്രു അവതരിപ്പിക്കുന്ന മെഗാഷോയും ആഘോഷങ്ങൾക്ക് പൊലിമയേകും.
- Log in to post comments