നെഹ്‌റുട്രോഫി രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വള്ളംകളി: മുഖ്യമന്ത്രി വി ഡി സതീശൻ കർണാടകയും കേരളവും സഹോദരങ്ങൾ - കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ
രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന വള്ളംകളിയാണ് നെഹ്‌റുട്രോഫിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 72 മത് നെഹ്റുട്രോഫി വള്ളംകളി നെഹ്റു പവലിയനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയുടെ യുഗപ്രഭാവനായ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ആവേശപൂർവം ഇവിടെയെത്തി ഈ മത്‌സരത്തിൽ പങ്കാളിയായിട്ടുണ്ട്. 1953 ജനുവരി 4 ന് അദ്ദേഹം രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും എഴുതിയ കത്തിൽ നമ്മുടെ വള്ളംകളിയെക്കുറിച്ച്
വളരെ വികാരനിർഭരമായാണ് വിവരിച്ചത്. ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഈ മത്സരം മലയാളികൾക്ക് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള അവസരമാണെന്നും അതിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനായി.
72 വർഷങ്ങൾക്ക് മുൻപ് രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പാദസ്പർശമേറ്റ ഈ മണ്ണിൽ, വീണ്ടുമൊരു നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമ്പോൾ അഭിമാനകരമായ മുഹൂർത്തമാണ് പുനസൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം
പറഞ്ഞു. ഓരോ വർഷം കഴിയു ന്തോറും കളിവള്ളങ്ങളുടെ എണ്ണവും ചുണ്ടൻ വള്ളങ്ങളുടെ മത്സരലഹരിയും വർദ്ധിച്ചു വരികയാണെന്നും പുന്നമടക്കായൽ ഉജ്ജ്വലമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി എം ലിജു പറഞ്ഞു.
ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയിൽ പങ്കാളിയായതിൽ ഏറെ സന്തോഷമുണ്ടെന്നും കർണാടകയും കേരളവും സഹോദര സംസ്ഥാനങ്ങളാണെന്നും മുഖ്യാതിഥിയായ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുന്നോട്ടുവെച്ച വലിയൊരു സന്ദേശത്തിന്റെ തുടർച്ചയാണ് ഈ ചരിത്രപ്രസിദ്ധമായ ജലമേള. ഇത്തരമൊരു മഹത്തായ ജലമേളയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. കർണാടകയും കേരളവും സഹോദര സംസ്ഥാനങ്ങളാണ്. സംസ്കാരം, കാലാവസ്ഥ, ജലം തുടങ്ങിയവയെല്ലാം പങ്കുവെക്കുന്നവരാണ് നാം. വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം ജലമേളയിൽ പങ്കെടുക്കുന്ന തുഴച്ചിൽക്കാർക്ക് വിജയാശംസകളും നേർന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു ട്രോഫി വള്ളംകളി കേരളത്തെയും ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന അതിമനോഹരമായ ജലോത്സവമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും ആലപ്പുഴയുടെയും സൗന്ദര്യവും ഐക്യവുമാണ് ഈ മത്സരമെന്നും വാശിയും വീറും ഉണ്ടെങ്കിലും യോജിപ്പോടെ ഒറ്റക്കെട്ടായി നടത്തുന്ന ഈ മത്സരം കാണാൻ ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തി. കെ. സി. വേണുഗോപാൽ എം പി
മുഖ്യപ്രഭാഷണം നിർവഹിച്ചു.
നെഹ്റു ട്രോഫി ജലമേള കുട്ടനാടിന്റെ കായൽ പരപ്പിലെ ഒളിംപിക്സ് ആണെന്ന് പറഞ്ഞ എംപി വള്ളംകളി വെറുമൊരു കായികമത്സരമല്ല, മറിച്ച് തുഴച്ചിൽക്കാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിന്റെ ആവേശോജ്ജ്വലമായ പ്രകടനമാണെന്നും ചൂണ്ടിക്കാട്ടി.
വിജയിക്കുക എന്നത് പ്രധാനമാണെങ്കിലും, എല്ലാ ടീമുകളും സ്പോർട്സ്മാൻ സ്പിരിറ്റോടെയും പരസ്പര ബഹുമാനത്തോടെയും മാറ്റുരയ്ക്കണം.
വരുംവർഷങ്ങളിൽ നെഹ്‌റു ട്രോഫി ജലമേള കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്നും ലോക ശ്രദ്ധയാകർഷിക്കുന്ന കായികമേളയായി വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വള്ളംകളി സ്മരണിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിച്ചു. നെഹ്റു ട്രോഫി വള്ളംകളിയെ വെറുമൊരു ഒരുദിവസത്തെ മത്സരമായി കാണാതെ, അന്താരാഷ്ട്ര തലത്തിലുള്ള 'ഗ്ലോബൽ വാട്ടർ ഹെറിറ്റേജ് ഫെസ്റ്റിവൽ' ആയി വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ എം.പി പറഞ്ഞു. നെഹ്റു ട്രോഫിക്കും സംസ്ഥാനത്ത് നടക്കുന്ന പരമ്പരാഗത വള്ളംകളികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി 10 കോടി രൂപയുടെ 'കേരള ബോട്ട് റേസ് ഹെറിറ്റേജ് കോർപ്പസ് ഫണ്ട്' രൂപീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികളെ ആദരിച്ചു.
എം എൽ എമാരായ എ. ഡി. തോമസ്, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ സ്വാഗതം പറഞ്ഞു.
- Log in to post comments