ശിശുക്ഷേമ സമിതിയിലെ കുട്ടികൾ നാടിന്റെ സമ്പത്ത്: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികൾ സ്ഥാപനത്തിന്റെ മാത്രമല്ല, നാടിന്റെ മുഴുവൻ സമ്പത്താണെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സമിതിയിലെ 'കുഞ്ഞോണം പൊന്നോളം' ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാതെ അവർക്ക് മുന്നേറാൻ ആവശ്യമായ പിന്തുണ നൽകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ മികച്ച പൗരന്മാരായി വളർത്തുന്നതിൽ സമിതിയിലെ ജീവനക്കാർ കാണിക്കുന്ന ജാഗ്രതയെയും കരുതലിനെയും മന്ത്രി അഭിനന്ദിച്ചു. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സർക്കാർ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സമിതിയിലെ കുരുന്നുകളുടെ ഓണപ്പാട്ടുകളും കലാപ്രകടനങ്ങളും അവരോടൊപ്പമിരുന്ന് മന്ത്രി ആസ്വദിച്ചു. അവർക്കൊപ്പം ഊഞ്ഞാലാടി, ഓണസദ്യ കഴിച്ച് എല്ലാവർക്കും ഓണാശംസകളും നേർന്നാണ് മന്ത്രി മടങ്ങിയത്.
വാർഡ് കൗൺസിലർ ജി വേണുഗോപാൽ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സുമേഷൻ, ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3413/2026
- Log in to post comments