Skip to main content

മാലിന്യസംസ്‌കരണത്തിന് മാതൃകയായി ഓണാഘോഷം

ഹരിത ഓണം 2026 ക്യാമ്പയിന്റെ  ഭാഗമായി സംസ്ഥാനതലത്തിൽ വിപുലമായ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടത്തി ശുചിത്വ മിഷൻ. ഗ്രീൻ പ്രോട്ടോക്കോൾ സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിവിധ ഓണം വാരാഘോഷ കമ്മിറ്റികൾക്ക് മാർഗരേഖകൾ നൽകുകയും ചെയ്തു. ''ഹരിത ഓണം 2026'' -  എന്ന ബ്രാൻഡിംഗിൽ സംസ്ഥാനവ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു.  മലപ്പുറം ജില്ലയിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വേസ്റ്റ് ടു ആർട്ട് പൂക്കളം ശ്രദ്ധേയമായി.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഓണാഘോഷ വേദികളിൽ തിരുവനന്തപുരം കോർപ്പറേഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  സഹകരണത്തോടെ ഗ്രീൻ വോളണ്ടിയർമാർക്ക് പരിശീലനം നൽകി പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി വിന്യസിച്ചു. ഹരിതകർമ്മ സേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കുകയും ജൈവ-അജൈവ മാലിന്യ ശേഖരണത്തിനായി ബിന്നുകൾ സ്ഥാപിക്കുകയും ഫുഡ് ഫെസ്റ്റിവൽ മേഖലയിൽ പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ ഒരുക്കുകയും ചെയ്തു. ഹരിത ഓണാഘോഷ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള മാവേലി യാത്രയും സംഘടിപ്പിച്ചു.

തലസ്ഥാനത്തെ ഓണാഘോഷ വേദികളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി 2,200 കിലോഗ്രാം അജൈവ മാലിന്യവും 5,200 കിലോഗ്രാം ജൈവ മാലിന്യവും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചു. പ്രതിദിനം 50,000ത്തിലധികം പേർ എത്തിയ വേദികളിൽ മാലിന്യത്തിന്റെ അളവ് 200 ടണ്ണായി കുറയ്ക്കാൻ സാധിച്ചു.

പി.എൻ.എക്‌സ്. 3453/2026

date