'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിയിൽ 5,183 പ്രൈമറി സ്‌കൂളുകൾ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 5,183 പ്രൈമറി സ്‌കൂളുകളെ 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിയ്ക്കായി തെരഞ്ഞെടുത്തതായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്‌കൂളിൽ പൊതുവായി ഒരു ഡിജിറ്റൽ പഠന ഇടം ക്രമീകരിക്കുകയും ഏറ്റവും കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളുടെ പട്ടിക പദ്ധതി നിർവഹണച്ചുമതലയുള്ള കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വെബ്സൈറ്റിൽ (kite.kerala.gov.in) പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ ആദ്യവാരം തന്നെ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിൽ ക്രമീകരിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും ആവശ്യമായ സോഫ്റ്റ്‌വെയർ പാക്കേജ് കൈറ്റ് നൽകും. തുടർന്ന് ഡിജിറ്റൽ സ്‌ക്വയറിന്റെ ചുമതലയുള്ള അധ്യാപകർക്ക് പ്രവർത്തനങ്ങൾ സംബന്ധിച്ച് കൈറ്റ് നേരിട്ട് പ്രത്യേക പരിശീലനം നൽകും. 'ഡിജിറ്റൽ സ്‌ക്വയർ'പദ്ധതിയുടെ ഗുണഫലം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്കവിധം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
കൈറ്റ് സജ്ജമാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യന്നതിനുള്ള അവസരം ഈ വിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും ഒരുപോലെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി, യു.പി വിഭാഗങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ പഠനം കൂടുതൽ കാര്യക്ഷമവും രസകരവുമാക്കൽ, കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തിയെടുക്കൽ., പ്രൈമറി സ്‌കൂളുകളിലെ 'കളിപ്പെട്ടി', 'ഇ@വിദ്യ' എന്നീ ഐ.സി.ടി. പാഠപുസ്തകങ്ങളുപയോഗിച്ച് മറ്റ് വിഷയങ്ങളുടെ പഠനം കാര്യക്ഷമമാക്കൽ എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കാഴ്ചപരിമിതിയുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുന്നതിന് സന്നദ്ധത അറിയിച്ച സ്‌കൂളുകളെയാണ് പരിഗണിച്ചത്. ഏറ്റവും കൂടുതൽ സ്‌കൂളുകൾ (814) മലപ്പുറം ജില്ലയിൽ നിന്നാണ്. എറണാകുളം (475), പാലക്കാട് (466), കണ്ണൂർ (463) ജില്ലകളാണ് പദ്ധതിയിൽ തൊട്ടടുത്തുള്ളത്. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 5000 പ്രൈമറി സ്‌കൂളുകളിലാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. അടുത്ത ഘട്ടമായി ഈ വർഷം തന്നെ മുഴുവൻ സ്‌കൂളുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3478/2026
- Log in to post comments