സുനാമി മോക്ഡ്രിൽ സെപ്തംബർ 5ന്, തയാറെടുപ്പുകളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. ശനിയാഴ്ച (സെപ്റ്റംബർ 5) കരുംകുളം ഗ്രാമപഞ്ചായത്തിലെ കിളിത്തട്ട് (വാർഡ് 3), പുതിയതുറ (വാർഡ് 13), വാർഡുകളിലാണ് സുനാമി മോക്ഡ്രിൽ നടക്കുന്നത്. ദുരന്തങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കുക, സുനാമി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക, സുനാമി മുന്നറിയിപ്പ് ലഭിച്ചാൽ എത്രയുംവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പര്യാപ്തരാക്കുക, അടിയന്തരരക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.
കരുംകുളം ഗ്രാമപഞ്ചായത്തിൽ നടത്തുന്ന മോക്ഡ്രിൽ ശനിയാഴ്ച രാവിലെ 8.30തോടെ ആരംഭിക്കും. പുതിയതുറ വാർഡിലെ സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് ആണ് അസംബ്ലി പോയിന്റ്. കിളിത്തട്ട് വാർഡിലെ സെന്റ് നിക്കോളാസ് എൽ.പി സ്കൂളാണ് ഷെൽട്ടർ പോയിന്റായി തിരഞ്ഞെടുത്തിട്ടുള്ളത്. നാല് അസംബ്ലി പോയിന്റുകളും 7 ഷെൽട്ടറുകളുമാണ് സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ (ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ/DEOC) നിന്ന് ആദ്യ അലർട്ട് ലഭിക്കുന്നതു മുതൽ കൃത്യമായ മുന്നറിയിപ്പുകൾ താലൂക്ക് അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം (താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ/TEOC)മുഖേന ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും കൈമാറും. മൂന്നാം അലർട്ടിൽ അപകട സന്ദേശം ലഭിക്കുന്നതോടെ പ്രദേശവാസികളെ അടിയന്തരമായി മാറ്റിപാർപ്പിക്കുന്നതിനുള്ള നിർദേശം നൽകും. തുടർന്ന് രക്ഷാപ്രവർത്തനവും ഒഴിപ്പിക്കലും ആരംഭിക്കും. കൃത്യമായ ഗതാഗത നിയന്ത്രണവും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയാറെടുപ്പുകളും മോക്ഡ്രില്ലിന്റെ ഭാഗമായി പിന്നീട് നടക്കും. ഒഴിപ്പിക്കുന്നവരെ അസംബ്ലി പോയിന്റിലേക്കും തുടർന്ന് സെന്റ് നിക്കോളാസ് എൽ.പി സ്കൂളിലൊരുക്കിയ ഷെൽട്ടറിലേക്കും മാറ്റും. ദുരന്ത സാഹചര്യത്തെ നേരിട്ട രീതികൾ വിശദീകരിച്ചുള്ള ഡി ബ്രീഫിങ്ങോടെ മോക്ഡ്രിൽ അവസാനിക്കും.
സുനാമി റെഡി പ്രോഗ്രാം
സുനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് യുണെസ്കോയുടെ സുനാമി റെഡി സർട്ടിഫിക്കേഷൻ കേരളത്തിന് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ ഓഷ്യനോഗ്രാഫി കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കരുംകുളം ഗ്രാമപഞ്ചായത്ത്, വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് സുനാമി റെഡി പദ്ധതി. സുനാമി ദുരന്തസാധ്യതയെ നേരിടുന്നതിനുള്ള തീരദേശ സമൂഹങ്ങളുടെ അറിവും പ്രാപ്തിയും ശക്തിപ്പെടുത്തുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. തദ്ദേശ ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ദുരന്ത നിവാരണ ഏജൻസികൾ, വിവിധ വകുപ്പുകൾ, ലോയോളാ കോളേജ് തുടങ്ങിയവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്.
സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഒഴിപ്പിക്കൽ റൂട്ടുകൾ ഉൾപ്പെടുന്ന മാപ്പുകൾ, അവബോധ ക്ലാസുകൾ, മോക്ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിർത്തി ഒരു തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി' എന്ന് സാക്ഷ്യപത്രം നൽകുന്ന ഒരു അന്താരാഷ്ട്ര പദ്ധതിയാണിത്.യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷനാണ് ഈ അംഗീകാരം നൽകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളിൽ ഒഡിഷയിലെ രണ്ട് ഗ്രാമങ്ങൾ മാത്രമാണ് ഇതുവരെ ഈ അംഗീകാരം നേടിയിട്ടുള്ളത്.
കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളിലെയും ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾ കണക്കിലെടുത്ത് കരുംകുളം ഗ്രാമപഞ്ചായത്തിനെയാണ് ജില്ലയിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2024 ജൂലൈ മാസം തുടക്കമാകുകയും സുനാമി റെഡി പ്രോഗ്രാമായി ബന്ധപ്പെട്ട ഒഴിപ്പിക്കൽ പദ്ധതി, സുനാമി ഒഴിപ്പിക്കൽ മാപ്പ് എന്നിവ പൂർത്തിയാക്കിയിട്ടുള്ളതാണ്. 2025 മാർച്ചിൽ ഈ പദ്ധതിയുടെ ഭാഗമായി മോക്ഡ്രിൽ നടത്തിയിട്ടുള്ളതാണ്.
ടേബിൾ ടോപ് യോഗം ചേർന്നു
സെപ്റ്റംബർ 5ന് നടക്കുന്ന സുനാമി മോക്ഡ്രില്ലിന് മുന്നോടിയായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അതുൽ എസ് നാഥിന്റെ നേതൃത്വത്തിൽ കരുംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ ടേബിൾ ടോപ് യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വകുപ്പുകൾ സ്വീകരിക്കേണ്ടുന്ന കാര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. മോക്ഡ്രിൽ വിജയകരമായി പൂർത്തീകരിക്കുന്നതിന്, ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
യോഗത്തിൽ കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പം വിൻസന്റ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നെയ്യാറ്റിൻകര തഹസീൽദാർ സജി ആർ.എസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ദേവിക ബി.എസ്, റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, ഫിഷറീസ്, തദ്ദേശഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ് പ്രതിനിധികൾ, സെന്റ് നിക്കോളാസ് എൽ പി സ്കൂൾ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മോക്ഡ്രില്ലിന്റെ ഭാഗമായുള്ള എൻട്രി- എക്സിറ്റ് പോയിന്റുകളും തീരപ്രദേശത്തെ അസംബ്ലി ഏരിയും ഷെൽട്ടർ സെന്ററും ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
- Log in to post comments