Skip to main content

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ വികസന സമിതിയോഗത്തില്‍ പ്രമേയം

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു. യോഗത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷനില്‍ നിന്നും മംഗളൂരു - ഉള്ളാള്‍ മേഖലകളെ വേര്‍പെടുത്തി മൈസൂരു ഡിവിഷനോടൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരമാണെന്നും ഈ വിഭജന നീക്കം ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാരില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നുമുള്ള പ്രമേയമാണ് പാസാക്കിയത്.

ചരിത്രപരമായി ഒറ്റക്കെട്ടായി നിലനില്‍ക്കുന്ന ഈ യാത്രാ ഇടനാഴിയെ വിഭജിക്കുന്നത് മലപ്പുറം, ഉത്തര മലബാര്‍, കാസര്‍കോട് ജില്ലകളിലെ ജനങ്ങളുടെ യാത്രാ സൗകര്യങ്ങളെ താറുമാറാക്കും. പുതിയ തീവണ്ടി സര്‍വീസുകള്‍, അനുബന്ധ സ്റ്റോപ്പുകള്‍, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ നടപടി വലിയ തടസ്സമായി മാറുന്നതിനാല്‍ പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പും വികസനവും തകര്‍ക്കുന്നതും മലബാറിന്റെ യാത്രാവകാശങ്ങളെ ഹനിക്കുന്നതുമായ ഈ വിഭജന നടപടിയില്‍ നിന്നും റെയില്‍വേ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി പിന്തിരിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ പ്രതിനിധി ഗഫൂര്‍ കുറുമാടന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

രാഷ്ട്രീയ സംഘര്‍ഷമുണ്ടായ ഉണ്യാല്‍ ബീച്ചില്‍ മാതൃകാപരമായ സമാധാന പാലനം നടത്തിയ പൊലീസ് സേനാംഗങ്ങളെ പി.കെ. നവാസ് എം.എല്‍.എ. അഭിനന്ദിച്ചു. തുടര്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താനുണ്ടെങ്കില്‍ അവ കൂടി ചെയ്യണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത സ്തൂപങ്ങള്‍, ഷെഡുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ. തിരൂര്‍ സബ്കളക്ടറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികളുടെ സംയുക്തയോഗത്തില്‍ ഇവ നീക്കം ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെയോടെ (ഞായര്‍) നീക്കം ചെയ്യാത്തവ റവന്യൂ ഭരണകൂടം സ്വമേധയാ നീക്കം ചെയ്യുമെന്നും സബ്കളക്ടര്‍ അറിയിച്ചു.

ദീര്‍ഘദൂര ബസുകള്‍ ദേശീയപാത സര്‍വീസ് റോഡില്‍ കയറാത്തതു മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് എം.എല്‍.എ.മാരായ ടി.വി.ഇബ്രാഹിം, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, പി.എം.എ.സമീര്‍ എന്നിവര്‍ ആര്‍.ടി.ഒ.യോട് നിര്‍ദേശിച്ചു.

മാറിയ കാലാവസ്ഥയില്‍ ജില്ലയില്‍ എച്ച്1എന്‍1, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ടി.വി.ഇബ്രാഹിം എം.എല്‍.എ.യാണ് വിഷയമുന്നയിച്ചത്. ജല്‍ജീവന്‍ മിഷന്‍ വര്‍ക്കുകള്‍ മൂലം താറുമാറായി കിടക്കുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ റോഡുകള്‍ എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് ടി.വി.ഇബ്രാഹിം എം.എല്‍.എ.ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ ജില്ലയ്ക്കായി അനുവദിച്ച വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു.

പൂത്തൂര്‍-ചെനക്കല്‍ ബൈപ്പാസിന്റെ പുരോഗമനവും വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മാണ നടപടികളും വേഗത്തിലാക്കണമെന്ന് പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടു.

മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മതിയായ ജീവനക്കാര്‍ ഇല്ലെങ്കില്‍ നയമനം നടത്തണമെന്നും അഡ്വ.എം.റഹ്‌മത്തുല്ല എം.എല്‍.എ. എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നറുകര അക്ഷയ സെന്ററിനു സമീപം അപകട ഭീഷണിയുയര്‍ത്തുന്ന ആല്‍മരം മുറിച്ചു മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മഞ്ചേരി ടൗണില്‍ ട്രാഫിക് ബ്ലോക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മതിയായ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. മുന്‍പ് എടത്തനാട്ടുകര-ഓലപ്പാറ-മേലാറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് ഇപ്പോള്‍ എടത്തനാട്ടുകര വരെ മാത്രമേ സര്‍വീസ് ഉള്ളൂവെന്നും മേലാറ്റൂര്‍ വരെ സര്‍വീസ് നീട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ. ആര്‍.ടി.ഒ. യ്ക്ക് നിര്‍ദേശം നല്‍കി.

കടലുണ്ടി പുഴയില്‍ കരഭാഗം ഇടിഞ്ഞ് വീടുകള്‍ പുഴയിലേക്ക് പതിക്കുന്ന സാഹചര്യമുള്ളതിനാല്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കേണ്ടതുണ്ടെന്നും ജില്ലയില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തിനായി കൃത്യമായ പദ്ധതികള്‍ തയാറാക്കണമെന്നും പി.എം.എ.സമീര്‍ എം.എല്‍.എ. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്ത് സെക്രട്ടറിമാരെ ചടങ്ങില്‍ ആദരിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്തിലെ എ.എം.നാരായണന്‍, മമ്പാട് പഞ്ചായത്തിലെ പി.അവിസന്ന, പോത്തുകല്‍ പഞ്ചായത്തിലെ കൃഷ്ണകുമാരി എന്നിവരാണ് ആദരമേറ്റു വാങ്ങിയത്. മികച്ച പ്രവര്‍ത്തനവും സേവനമനോഭാവവും പ്രകടിപ്പിച്ച വില്ലേജ് ഓഫീസര്‍മാരെയും യോഗത്തില്‍ ആദരിച്ചു. കെ.വി.മധു (പൊന്നാനി നഗരം), മിനി ശ്യമാളന്‍ (തലക്കാട്), പി.വി.ഷാജി (പറപ്പൂര്‍), സുജ ജേക്കബ്ബ് (ആലിപ്പറമ്പ്), മുഹമ്മദ് പൂവക്കാടന്‍ (പാണക്കാട്), പ്രീതി (കരുളായി), ഉണ്ണികൃഷ്ണന്‍ (മുതുവല്ലൂര്‍) എന്നിവരെയാണ് ആദരിച്ചത്.

വികസന സമിതിയോഗത്തില്‍ എം.എല്‍.എ.മാരായ പി.കെ.നവാസ്, ടി.വി.ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എം.റഹ്‌മത്തുല്ല, പി.എം.എ.സമീര്‍ എന്നിവരും മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ പ്രതിനിധികളും , എ.ഡി.എം. പി.ഒ.സാദിഖ്, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ.കൈനിക്കര, പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും  പങ്കെടുത്തു.

date