തദ്ദേശ ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
ജില്ലയിൽ അഞ്ചു തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ (വാർഡ് 04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് (വാർഡ് 14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ (വാർഡ് 07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ (വാർഡ് 16), തിരുപ്പുറം ഗ്രാമപഞ്ചായത്തിലെ പഴയകട (വാർഡ് 05) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള നാമനിർദ്ദേശ പത്രിക സെപ്തംബർ 10 വരെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്തംബർ 11നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്തംബർ 14നുമാണ് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പും സെപ്റ്റംബർ 29ന് രാവിലെ 10 മണി മുതൽ വോട്ടെണ്ണലും നടക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. പ്രചാരണ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ അനുമതിക്കായി 'തുണ' ആപ്പ് വഴി അപേക്ഷിക്കേണ്ടതാണെന്നും നിശബ്ദ പ്രചാരണ വേളയിലും പ്രചാരണത്തിലുടനീളവും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും യോഗത്തിൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് നടപടികൾ നിഷ്പക്ഷമായും സമാധാനപരമായും പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
യോഗത്തിൽ എ.ഡി.എം. എ.നിസ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിന്ദു പി.ജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments