Skip to main content

വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിവയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റുമായി ചേർന്ന് നടത്തുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്. വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർമുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി എൻ എസ് കെ ഉമേഷ്സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർസിഎംഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വയോജനങ്ങളുടെ ആരോഗ്യംസാമൂഹികംസാമ്പത്തികംദൈനംദിന ജീവിതസാഹചര്യങ്ങൾ എന്നിവ വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള വിടവുകൾ കണ്ടെത്തുകയുമാണ് സർവേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുൻഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരങ്ങൾ ഉപയോഗിക്കും.

60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ നടത്തുന്നത്. പ്രായവിഭാഗങ്ങൾ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകൾ (നഗരംഅർദ്ധനഗരംഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശംവനപ്രദേശംആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി ദുർബല മേഖലകൾക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന ശാസ്ത്രീയമായ ബഹുഘട്ട ക്രമരഹിത സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്. ജില്ലതദ്ദേശസ്വയംഭരണ സ്ഥാപനംവാർഡ്കുടുംബം എന്നീ തലങ്ങളിലൂടെയാണ് സാമ്പിൾ തിരഞ്ഞെടുപ്പ്. പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ മുഖാമുഖ അഭിമുഖങ്ങളിലൂടെ സ്റ്റാൻഡേർഡ് സർവേ ഷെഡ്യൂൾ ഉപയോഗിച്ച് വിവരശേഖരണം നടത്തും. വിവരശേഖരണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ട് വയോജന ക്ഷേമ വകുപ്പിന് സമർപ്പിക്കും.

വയോജനങ്ങൾപരിചരണദാതാക്കൾസമൂഹ പ്രതിനിധികൾവിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനതല വർക്ക്‌ഷോപ്പ് രൂപത്തിലുള്ള ഘടനാപരമായ സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനും സർവേയ്ക്ക് അനുബന്ധമായി നടത്തും.

പി.എൻ.എക്‌സ്. 3666/2026

date