Skip to main content

സ്വപ്നസാക്ഷാത്കാരമായി പട്ടയങ്ങൾ

തൃശ്ശൂർ ജില്ലാതല പട്ടയമേളയിൽ 1,175 പട്ടയങ്ങൾ വിതരണം ചെയ്തു

ആദ്യ പട്ടയം ഏറ്റുവാങ്ങി ശാരദയും മകൻ ദിലീപ് കുമാറും

തൃശ്ശൂർ ജില്ലാതല പട്ടയമേളയിൽ വിവിധ ഇനങ്ങളിലായി ആകെ 1,175 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ലാൻഡ് ട്രൈബ്യൂണൽ വിഭാഗത്തിൽ 1,021 പട്ടയങ്ങളും, വനഭൂമി ഇനത്തിൽ 105 പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മണ്ഡലം തിരിച്ചുള്ള പട്ടയ വിതരണ കണക്കുകൾ

നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള പട്ടയ വിതരണത്തിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ 185 എണ്ണവും ചേലക്കരയിൽ 157 പട്ടയങ്ങളും ഒല്ലൂരിൽ 143 പട്ടയങ്ങളും വിതരണം ചെയ്തു. പുതുക്കാട് 113 എണ്ണവും, കുന്നംകുളത്ത് 106 എണ്ണവും, നാട്ടിക, ചാലക്കുടി മണ്ഡലങ്ങളിൽ 99 വീതവും പട്ടയങ്ങൾ വിതരണം ചെയ്തു. കൂടാതെ ഇരിങ്ങാലക്കുടയിൽ 60, മണലൂരിൽ 59, ഗുരുവായൂരിൽ 51, കൊടുങ്ങല്ലൂരിൽ 47 എന്നിങ്ങനെയും പട്ടയങ്ങൾ നൽകി. തൃശ്ശൂർ, കൈപ്പമംഗലം എന്നീ മണ്ഡലങ്ങളിൽ 28 വീതം പട്ടയങ്ങളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.

മണലൂർ വില്ലേജിൽ കാണാട്ട് കൊച്ചുകുട്ടന്റെ ഭാര്യ ശാരദയും മകൻ ദിലീപ് കുമാറും 48 വർഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന്, മണലൂർ വില്ലേജിലെ സർവേ നമ്പർ 141/16-ൽ ഉൾപ്പെട്ട  ഭൂമിയിൽ താമസിച്ചുവരുന്ന രമേശിനും ഭാര്യ സരിതയ്ക്കും കാലങ്ങളായി താമസിച്ചുവരുന്ന ഭൂമിയ്ക്ക് അവകാശരേഖയെന്ന സ്വപ്നം കൈമാറി.

മിച്ചഭൂമി പട്ടയ വിതരണവും മറ്റ് ഗുണഭോക്താക്കളും

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തിരഞ്ഞെടുത്ത അർഹരായ ഗുണഭോക്താക്കൾക്ക് പട്ടയമേളയിൽ മിച്ചഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു.

മരത്തംകോട്  കിടങ്ങൂർ കോലാടിപ്പണിയിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ സീത 50 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിയ്ക്ക് പട്ടയമേളയിൽ അവകാശരേഖ ലഭിച്ചു.  പന്നിത്തടം സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ ഉമ്മർ വി.പിക്കും 40 വർഷത്തിലേറെയായി വസിക്കുന്ന മണ്ണിന് പട്ടയം ലഭിച്ചു.

ചിരമണങ്ങാട് മരത്തംകോട് എം. കെ. ജി. നഗർ തോപ്പിൽ വീട്ടിലെ മത്സ്യത്തൊഴിലാളിയായ ഉമ്മർ ടി.ബിക്ക് ഭൂമിക്ക് രേഖയില്ലാത്തതിനാൽ നാല് പെൺമക്കളുടെ വിവാഹാവശ്യങ്ങൾക്കായി വായ്പയെടുക്കാൻ സാധിച്ചിരുന്നില്ല. ഭർത്താവ് മരണപ്പെട്ട പന്നിത്തടം ചൊവ്വല്ലൂർ വീട്ടിൽ മോളിക്കും 40 വർഷത്തോളമായി വസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടി . 78 വയസ്സുള്ള മരത്തംകോട് അമ്പലത്ത് വീട്ടിൽ നബീസയ്ക്കും കുടുംബത്തിനും വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭൂമിക്ക് അവകാശരേഖ ലഭിച്ചത്.

 

date