Skip to main content

അനധികൃത ബോര്‍ഡ്, ബാനര്‍, ഫ്ളക്സ് നീക്കിയില്ലെങ്കില്‍ 5000 രൂപ പിഴ

പൊതുഇടങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ പേരിലോ നേതൃത്വത്തിലോ ഉള്ള യാതൊരു ബോര്‍ഡുകളും, ബാനറുകളും, പോസ്റ്ററുകളും കൊടിതോരണങ്ങളും, മറ്റ് പ്രചാരണ/ പരസ്യ സാമഗ്രികളും സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും ഇതു ലംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കുമെന്നും ഇടുക്കി ജില്ലാതല മോണിറ്ററിംഗ് സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അനധികൃത ബോര്‍ഡ്(ബാനര്‍/ ഫ്ളക്സ്/ കൊടിതോരണം/ മറ്റ് സമാനമായവ) ഒന്നിന് 5000/ രൂപയാണ്  പിഴ ഈടാക്കുക. പിഴയ്ക്ക് പുറമെ ഇവ നീക്കം ചെയ്യുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള  തുക കൂടി ഉത്തരവാദികളില്‍ നിന്ന് ഈടാക്കും. നിയമ ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിന്റെയും അടിസ്ഥാനത്തിലാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാകും പിഴയീടാക്കുക.

 

date