മേരാ യുവ ഭാരത് ജില്ലാ ഉപദേശക സമിതി യോഗം ചേര്‍ന്നു; വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027 ചര്‍ച്ചയായി
യുവജനകാര്യ,കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. സ്വാമി വിവേകാനന്ദന്റെ ജ•ദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മേരാ യുവ ഭാരത് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027 പരിപാടിയുടെ വിപുലമായ നടത്തിപ്പ് ചര്‍ച്ചയായി.
പരിപാടിയിലേക്ക് 15 മുതല്‍ 29 വയസ്സ് വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് വ്യത്യസ്ത ഇനങ്ങളിലായി ക്വിസ്, പ്രബന്ധരചന, പ്രസംഗം, സാംസ്‌കാരിക മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍, ഡിസൈന്‍ മത്സരം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് യുവജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ ട്രാക്കുകളിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിജയികള്‍ക്ക് ദേശീയ തലത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും അവസരം ലഭിക്കും. ദേശീയതല പരിപാടികള്‍ 2027 ജനുവരി 10 മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ Referral Code: 4WW46U9W ഉപയോഗിക്കാം.
ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ജില്ലാ യൂത്ത് ഓഫീസര്‍ മേഘ മേരി ബിജു, കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഷാജി എസ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ വിനോദ് കെ എസ്, ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments