സോഫ്റ്റ്വെയർ ഫ്രീഡം ഡേ 2026: സംസ്ഥാനതല ഉദ്ഘാടനവും സ്കൂൾവിക്കിത്തോൺ പൂർത്തീകരണ പ്രഖ്യാപനവും നാളെ (സെപ്റ്റംബർ 22)
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ' സോഫ്റ്റ്വെയർ ഫ്രീഡം ഡേ 2026'-ന്റെ സംസ്ഥാനതല ഉദ്ഘാടനവും സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിലുൾപ്പെടുത്തി കൈറ്റ് നടപ്പിലാക്കിയ 'സ്കൂൾവിക്കിത്തോൺ' പൂർത്തീകരണ പ്രഖ്യാപനവും സെപ്റ്റംബർ 22 രാവിലെ 11.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. തിരുവനന്തപുരം കൈറ്റ് ജില്ലാ കേന്ദ്രത്തിൽ (ജഗതി ഗവ. സ്കൂൾ ഫോർ ഡെഫ് കാമ്പസ്) നടക്കുന്ന ചടങ്ങിൽ മറ്റ് 13 ജില്ലകളും ഓൺലൈൻ വഴി പങ്കാളികളാകും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ മുഖ്യപ്രഭാഷണം നടത്തും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ. മഷൂദ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംസാരിക്കും.
പൊതുവിദ്യാലയങ്ങളിലെ വിവരങ്ങൾ സുതാര്യമായി പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനായി കൈറ്റ് തയ്യാറാക്കിയ സ്കൂൾവിക്കി പോർട്ടലിൽ (https://schoolwiki.in) വിദ്യാലയങ്ങളുടെ പേജുകൾ സമഗ്രമായി പുതുക്കുന്ന യജ്ഞമാണ് സ്കൂൾവിക്കിത്തോൺ. കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയങ്ങളുടെ ചരിത്രം, ഭൗതിക സൗകര്യങ്ങൾ, അക്കാദമിക മികവുകൾ, നാടിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം രേഖപ്പെടുത്തി സംസ്ഥാനത്തെ 12,291 സ്കൂളുകളുടെ പേജുകളാണ് ഈ യജ്ഞത്തിലൂടെ വിജയകരമായി സമ്പുഷ്ടമാക്കിയത്.
അറിവ് സ്വതന്ത്രമായി ഉപയോഗിക്കാനും പഠിക്കാനും മാറ്റങ്ങൾ വരുത്താനും പകർപ്പുകൾ വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒന്നു മുതൽ പന്ത്രണ്ടാം തരം വരെ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയർ മാത്രം ഉപയോഗിക്കുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃക ലോക ശ്രദ്ധയാകർഷിച്ചതാണ്. വിദ്യാലയങ്ങളിലെ ലക്ഷക്കണക്കിന് ലാപ്ടോപ്പുകളിൽ കൈറ്റ് തയ്യാറാക്കിയ സ്വന്തം സ്വതന്ത്ര ഓപ്പറേറ്റിംഗ് സ്യൂട്ടാണ് വിന്യസിച്ചിട്ടുള്ളത്. പ്രൈമറി തലത്തിലെ 'ഡിജിറ്റൽ സ്ക്വയർ', 'എറൈസ്' തുടങ്ങിയ നൂതന പഠനപദ്ധതികൾക്കായി പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായ സ്വന്തം ആപ്ലിക്കേഷനുകളാണ് കൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ ലാപ്ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്തുനൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്' രാവിലെ 10 മുതൽ സംഘടിപ്പിക്കും. കൈറ്റ് ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിജിറ്റൽ സ്ക്വയർ, എറൈസ് തുടങ്ങിയവയാണ് ഇൻസ്റ്റാൾ ചെയ്തു നൽകുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൈറ്റ് ജില്ലാ ഓഫീസുകളുടെ ഇ-മെയിൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സെപ്റ്റംബർ 23-ന് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രത്യേക പ്രതിജ്ഞ ഏറ്റുചൊല്ലുകയും അധ്യയന സമയം നഷ്ടപ്പെടാതെ സെമിനാറുകളും പ്രദർശനങ്ങളും നടത്തുകയും ചെയ്യും.
പി.എൻ.എക്സ്. 3877/2026
- Log in to post comments