Skip to main content

*വന്യജീവി വാരാഘോഷം 2026: വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു*

 വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരം പി.ടി.പി നഗറിലെ സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സിലുള്ള ജില്ലാ വന വിജ്ഞാന വ്യാപന കേന്ദ്രത്തിൽ വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളും; ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (മലയാളം), പ്രസംഗം (മലയാളം), പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ പൊതുജനങ്ങൾക്കായി സംസ്ഥാനതലത്തിൽ പോസ്റ്റർ ഡിസൈനിംഗ് മത്സരവും നടത്തും. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.

ഒക്ടോബർ രണ്ടിന് രാവിലെ 9.30-ന് പെൻസിൽ ഡ്രോയിംഗ്, 11.45-ന് ഉപന്യാസം, ഉച്ചയ്ക്ക് 2.15-ന് വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളും നടത്തും. ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് ക്വിസ് മത്സരവും ഉച്ചയ്ക്ക് രണ്ടിന് പ്രസംഗ മത്സരവും സംഘടിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അല്ലെങ്കിൽ കോളേജ് മേധാവിയിൽ നിന്നുള്ള സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യണം. ക്വിസ് മത്സരത്തിൽ ഒരു സ്ഥാപനത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികളടങ്ങിയ ഒരു ടീമിനും മറ്റു മത്സരങ്ങളിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതോടൊപ്പം ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യതയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0471 2360462, 9447979135.

date