Skip to main content

കലൂർ അപ്പാർട്ട്മെന്റിലെ പൂളിൽ വീണ് ആറുവയസ്സുകാരൻ മരണപ്പെട്ട സംഭവം, ബാലാവകാശ കമ്മീഷൻ അപകടസ്ഥലം സന്ദർശിച്ചു * അസോസിയേഷന്റെ അനാസ്ഥയിൽ വിശദമായ അന്വേഷണത്തിന് പോലീസിന് നിർദ്ദേശം

 

​കൊച്ചി കലൂർ  ജവഹർലാൽ നെഹ്റു  സ്റ്റേഡിയത്തിന് പുറകുവശത്തുള്ള കെന്റ് ഹെയിൽ ഗാർഡൻ (Kent Hail Garden) അപ്പാർട്ട്മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ആറ് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അപകടസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. വിഷയത്തിന്റെ ഗൗരവം  കണക്കിലെടുത്ത് കമ്മീഷൻ അംഗം കെ. കെ. ഷാജുവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം ഫ്ലാറ്റിലെത്തി പരിശോധന നടത്തി.   

​ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഉല്ലാസ് മധു, അംഗം ജിൻസിമോൾ കുര്യൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ, എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. മനോജ് എം. എന്നിവരും മറ്റ് ഉദ്യോഗസ്ഥരും കമ്മീഷൻ അംഗത്തോടൊപ്പം ഉണ്ടായി. 

​അപകടം നടന്ന സ്വിമ്മിംഗ് പൂളും പരിസരപ്രദേശങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കിയ സംഘം, കുട്ടികൾ കളിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും പരിപാലനമില്ലാതെയും പൂൾ നിലനിർത്തിയതിൽ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്നും പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. വിഷയത്തിൽ പോലീസിനോട് വിശദവും കാര്യക്ഷമവുമായ അന്വേഷണം നടത്താൻ കമ്മീഷൻ നിർദ്ദേശം നൽകി.  

​കഴിഞ്ഞ ഓഗസ്റ്റ് 17-ന് നടന്ന ദാരുണ സംഭവവും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കേവലം ഒരു അപകടമരണമായി മാത്രം കാണുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സംസ്ഥാനത്തെ വിവിധ ഫ്ലാറ്റുകളിൽ ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകൾ ഉണ്ടോയെന്നും അതിനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോയെന്നും കർശനമായി പരിശോധിക്കേണ്ടതുണ്ട്. അപകടങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഫ്ലാറ്റുകളിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

​തുടർന്ന്, മരണപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ച സംഘം അവരെ ആശ്വസിപ്പിക്കുകയും കേസിനാസ്പദമായ വിവരങ്ങളും പരാതിയും ചോദിച്ചറിയുകയും ചെയ്തു. തുടർന്നുണ്ടാകുന്ന നിയമനടപടികളെക്കുറിച്ച് കുടുംബത്തിന് വ്യക്തത നൽകിയ കമ്മീഷൻ, കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ സൈക്കോ-സോഷ്യൽ പിന്തുണ (Psycho-social intervention) ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

​കേസിന്റെ തുടർനടപടികളുടെ ഭാഗമായി പരാതിക്കാരെയും, പോലീസ് ഉദ്യോഗസ്ഥരെയും, ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടുത്തി ഔദ്യോഗിക ഹിയറിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

date