നവോത്ഥാന മുന്നേറ്റത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നിർണായക പങ്ക്: മന്ത്രി റോജി എം ജോൺ
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ആദ്യ ഗ്രന്ഥശാല സമ്മേളനത്തിന്റെ നൂറാം വാർഷികവും ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ 80-ാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റം യാദൃശ്ചികമായി സംഭവിച്ചതല്ല. നിരവധി മഹാത്മാക്കളും ഗ്രന്ഥശാലാ സംഘം ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു നവോത്ഥാനം. വായനയോടും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളോടും താൽപര്യമുള്ള ജനവിഭാഗം ഇവിടെയുണ്ട്. വായന മരിക്കുന്നു എന്ന് വിമർശനമുണ്ട്. എന്നാൽ വായനയുടെ രീതിയും രൂപവും ഭാവവുമാണ് മാറിയത്. സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെയും ജേർണലുകളുടെയും എണ്ണത്തിൽ വർധനവാണുള്ളത്. മഹാനായ പി.എൻ. പണിക്കർ ആരംഭിച്ച ഗ്രന്ഥശാലകൾ അറിവിന്റെ പുതിയ ലോകം തുറന്നു. അറിവിന്റെ വിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തിലും ഗ്രന്ഥശാല പ്രസ്ഥാനങ്ങൾക്ക് നിർണായക സ്വാധീനമുണ്ട്. ശരിയായ അറിവ് കണ്ടെത്താനും അവയെ കൃത്യമായി വിശകലനം ചെയ്യാനും ചോദ്യം ചെയ്യാനും യുവതലമുറയെ പരിശീലിപ്പിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾക്കാകുമെന്ന് മന്ത്രി ചൂണ്ടികാട്ടി.
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച നാടക മൽസരങ്ങളിലെ വിജയികൾക്കുള്ള അവാർഡും ഗ്രന്ഥാലോകം കാമ്പയിൻ പുരസ്‌കാരങ്ങളും ലൈബ്രേറിയൻമാരുടെ ഐ.ഡി കാർഡുകളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, പ്രഭാഷകൻ ഡോ. അനിൽ ചേലേമ്പ്ര, ലൈബ്രറി കൗൺസിൽ സംസ്ഥാന, ജില്ല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3929/2026
- Log in to post comments