Skip to main content

നാല്‍പ്പത്തിയെട്ട് വര്‍ഷത്തിനു ശേഷം പട്ടയം; സരോജിനിക്ക് ഇനി സ്വന്തം ഭൂമി

നാല്‍പ്പത്തിയെട്ട് വര്‍ഷം മുന്‍പ് പത്തനംതിട്ടയിലെ കോന്നിയില്‍നിന്ന് നെടുംകണ്ടത്തിനടുത്ത് കരുണാപുരം കുരുവിക്കാനത്തേക്ക് ഭര്‍ത്താവ് ശേഖരനോടൊപ്പം കുടിയേറിയതാണ് മാരാക്കുഴിയില്‍ സരോജിനി. അന്ന് വാങ്ങിയ 62 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടാന്‍വേണ്ടി പലതവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും കിട്ടിയില്ല.
22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ അപേക്ഷ നല്‍കലും കാത്തിരിപ്പുമെല്ലാം ഒറ്റയ്ക്കായി.
പ്രായം ഇപ്പോള്‍79. നടക്കാന്‍പോലും ബുദ്ധിമുട്ടുണ്ടായിട്ടും പട്ടയം ഏറ്റവാങ്ങാന്‍ മകന്‍ ഹരിയോടൊപ്പം ചെറുതോണിയിലെ പട്ടയമേളയിലെത്തി. സദസ്സിലിരുന്ന സരോജിനിക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ താഴേയ്ക്കിറങ്ങി വന്ന് പട്ടയം കൈമാറിയപ്പോള്‍ ആ അമ്മയുടെ കണ്ണുനിറഞ്ഞു. മന്ത്രിക്കും സര്‍ക്കാരിനും കൈകൂപ്പി നന്ദി പറഞ്ഞ സരോജനിയുടെ ഉള്ളില്‍ വീട് വെച്ചു താമസിച്ചിരുന്ന സ്ഥലം സ്വന്തമായതിന്റെ സന്തോഷം നിറഞ്ഞു. പട്ടയം ഏറ്റുവാങ്ങി അടുത്തുവന്നിരുന്ന സമപ്രായക്കാരിയായ ഉളുപ്പുണി കോട്ടമല വടക്കേമുറിയില്‍ ഭവാനി ശ്രീധരനുമായി ഏറെനേരം വിശേഷങ്ങള്‍ പങ്കുവെച്ചു.
വാളറ തുമ്പിപ്പാറക്കുടിയിലെ മന്നാംകണ്ടം ചെല്ലമ്മയ്ക്കാണ് മന്ത്രി ആദ്യം പട്ടയം കൈമാറിയത്. ഹൃദ്രോഗിയായ ചെല്ലമ്മ പതിനഞ്ചു വര്‍ഷമായി പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ ചികിത്സയുള്‍പ്പെടെ ഭാരിച്ച ചെലവുകളുണ്ടായിട്ടും വസ്തു ഈടുവെച്ച് ചെറിയ ലോണ്‍ പോലും എടുക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. തൊഴിലുറപ്പ് പണിക്കു പോകുന്ന ഭര്‍ത്താവിന്റെ വരുമാനത്തിലാണിവര്‍ കഴിയുന്നത്.
 തലമാലക്കുടിയില്‍ നിന്നെത്തിയ ആര്‍. ബിന്ദുവിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനമ്മമാര്‍ നല്‍കിയ വസ്തുവിന്റെ പട്ടയം കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷം.
പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുമ്പിപ്പാറക്കുടിയിലെ അനീഷ് തങ്കപ്പന്റെ പേരില്‍ പട്ടയം ലഭിക്കുന്നത്. പട്ടയം ഏറ്റുവാങ്ങിയ ഭാര്യ ചിന്നു പങ്കുവെച്ചത് പ്ലസ് ടൂവിന് പഠിക്കുന്ന ഇരട്ടപ്പെണ്‍കുട്ടികളുടെ ഉപരിപഠനത്തിന് ഇനി ബാങ്ക് വായ്പ എടുക്കാമല്ലോ എന്ന സന്തോഷം.
ആകെ 683 പട്ടയങ്ങളാണ് വ്യാഴാഴ്ച വിതരണം ചെയ്തത്.  ഇതില്‍ 645 എണ്ണം 1993ലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുള്ളതും 15 എണ്ണം വനാവകാശരേഖയുമാണ്. ഏഴ് മിച്ചഭൂമി പട്ടയം, എട്ടു വീതം എല്‍.ടി. ക്രയസര്‍ട്ടിഫിക്കറ്റ്, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള പട്ടയങ്ങളുമാണ് നല്‍കിയത്.
 

date