ലോക ഹരിത ഉപഭോക്തൃ ദിനാചരണവും 1000 സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബ് രൂപീകരണ പ്രഖ്യാപനവും ഇന്ന് (സെപ്റ്റംബർ 28)
#സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗല്‍ മെട്രോളജി ഹാളില്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും#
ലോക ഹരിത ഉപഭോക്തൃ ദിനാചരണവും സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതുതായി 1000 കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനവും സെപ്റ്റംബര്‍ 28 ന് നടക്കും. രാവിലെ 10.30 ന് പട്ടം ലീഗല്‍ മെട്രോളജി ഹാളില്‍ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പരിസ്ഥിതി സംരക്ഷണം, ഉപഭോക്തൃ സംരക്ഷണം, സുസ്ഥിര ഉപഭോഗം എന്നിവ സംബന്ധിച്ച അവബോധം പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക, ഊര്‍ജ-ജല വിഭവങ്ങള്‍ സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത ഉപഭോഗ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
യോഗത്തിന് നഗരസഭാ മേയര്‍ വി. വി. രാജേഷ് അധ്യക്ഷത വഹിക്കും.പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഹരികുമാര്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍ സമ്മാന വിതരണം നടത്തും. ''വിവേകമുള്ള ഉപഭോക്താവ് - പ്രകൃതിയുടെ സംരക്ഷകന്‍'' എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും. ഭൗമപരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി സുഭാഷ്ചന്ദ്രബോസ് വിഷയാവതരണം നടത്തും. ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, നഗരസഭ കൗണ്‍സിലര്‍ രേഷ്മ സി, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ് സാം , പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശിവദാസന്‍ കെ, റേഷനിംഗ് കണ്‍ട്രോളര്‍ മോഹനകുമാര്‍ സി.വി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments