ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള മലപ്പുറം ജില്ലയില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനായി പൈലറ്റ് സ്റ്റഡി എന്ന രീതിയില്‍ വേങ്ങര പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കിയ എം-സഹജീവനം എന്ന പദ്ധതി സംസ്ഥാനത്താകെ നടപ്പിലാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എ.കെ.മുസ്തഫയാണ് ഇക്കാര്യം യോഗത്തില്‍ അറിയിച്ചത്. എം-സഹജീവനം പദ്ധതി വഴി 21 തരം ഭിന്നശേഷിക്കാരുടെ സമഗ്രവിവര ശേഖരണം നടത്താനും യു.ഡി.ഐ.ഡി.കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും എളുപ്പമാകുമെന്ന് യോഗം വിലയിരുത്തി. വേങ്ങരയില്‍ ആരംഭിച്ച പദ്ധതി വിജയിച്ചതോടെ കോട്ടക്കല്‍ നഗരസഭ ഉള്‍പ്പെടെ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും.
ആതവനാട് നിര്‍മാണം ആരംഭിക്കുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ പുരോഗതി വിലയിരുത്താന്‍ ജില്ലാതലത്തില്‍ പ്രത്യേക കോര്‍ഡിനേഷന്‍ യൂണിറ്റ് രൂപീകരിക്കാനും പ്രതിമാസ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ജല്‍ജീവന്‍ മിഷന്‍ റീസ്റ്റോറേഷന്‍ പ്രകാരം ഗതാഗത യോഗ്യമാക്കിയ ഒഴൂര്‍-പാണ്ടിമുറ്റം റോഡ് അശാസ്ത്രീയമായാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്നും വിദഗ്ധ സമിതി പരിശോധിക്കണമെന്നും പി.കെ.നവാസ് എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷമുണ്ടായ ഉണ്യാല്‍ തീരപ്രദേശത്ത് ക്രമസമാധാന പാലത്തിനായി താനൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പൊലീസ് പട്രോളിങും നിതാന്ത ജാഗ്രതയും തുടരുന്നുണ്ടെന്ന് നര്‍കോട്ടിക് ഡി.വൈ.എസ്.പി. യോഗത്തില്‍ അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് പി.കെ.നവാസ് എം.എല്‍.എ.യാണ് ചോദ്യമുന്നയിച്ചത്. ആദ്യഘട്ടത്തില്‍ യഥോചിതം ഇടപെട്ട പൊലീസ് സേനാംഗങ്ങളെ അഭിനന്ദിച്ച എം.എല്‍.എ., പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതാണ് രണ്ടാമതും സംഘര്‍ഷമുണ്ടാകാന്‍ കാരണമായതെന്നും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സ്ഥലമെന്നുള്ള രീതിയില്‍ ഗൗരവതരമായി ക്രമസമാധാനപാലത്തെ സമീപിക്കണമെന്നും ഓര്‍മിപ്പിച്ചു. സംഘര്‍ഷ സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും കട്ടൗട്ടുകളും സമയോചിതമായി നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ ഭരണകൂടത്തെ എം.എല്‍.എ.അഭിനന്ദിച്ചു. താനൂര്‍ ഹാര്‍ബറിലെ തകരാറിലായ ഇ.ടി.പി.സംവിധാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. ഹൈകോടതി ഉത്തരവ് നിലനില്‍ക്കെ കടുങ്ങാത്തുകുണ്ട്-തിരൂര്‍-തുവ്വക്കാട്-കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ റൂട്ടില്‍ പുതിയ സ്റ്റേജ് ക്യാര്യെജ് പെര്‍മിറ്റിനുള്ള അപേക്ഷ പരിഗണിക്കാന്‍ വൈകരുതെന്ന് എം.എല്‍.എ. ആര്‍.ടി.ഒ.യ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണ നടപടികളുടെ ഭാഗമായി മെഡിക്കല്‍ കോളെജ് പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് മുന്‍കൈയെടുത്ത ജില്ലാ കളക്ടറെ അഡ്വ.എം.റഹ്‌മത്തുള്ള അഭിനന്ദിച്ചു. നിര്‍മാണ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും ചുറ്റുമതില്‍, ഗേറ്റ്, ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ വിശദമായ പ്രപ്പോസല്‍ കൊടുത്തിട്ടുണ്ടെന്നും എം.എല്‍.എ.അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളെജ്, ജനറല്‍ ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഡോക്ടര്‍മാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നിയമിക്കുന്ന പ്രവണത ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എം.എല്‍.എ.നിര്‍ദേശിച്ചു.
താഴെക്കാട്-ആലിപ്പറമ്പ് കുടിവെള്ള പദ്ധതി ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. ആവശ്യപ്പെട്ടു. എന്‍.എച്ച്. വഴി പൈപ്പ്‌ലൈന് തടസം നേരിടുന്നതു മൂലമുള്ള കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികളെടുക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ഓരോടംപാലം-വൈലോങ്ങര ബൈപാസ്, പെരിന്തല്‍മണ്ണ ജംങ്ഷന്‍ നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇ-ഡിസ്ട്രിക്ട് പേര്‍ട്ടല്‍ വഴി അപേക്ഷിച്ചാലുടന്‍ കാലവിളംബം കൂടാതെ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ടി.പി.അഷ്‌റഫലി എം.എല്‍.എ.യുടെ പ്രതിനിധിയാണ് വിഷയമുന്നയിച്ചത്. അഞ്ചാംപനി ബാധിച്ച് ജില്ലയില്‍ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി.യുടെ പ്രതിനിധി ഇബ്രാഹിം മുതൂര്‍ ആവശ്യപ്പെട്ടു. എടപ്പാളില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ വിശദമായ പ്രപ്പോസല്‍ സമര്‍പ്പിക്കണ ആവശ്യവും അദ്ദേഹം ഉന്നയിച്ചു. റവന്യൂ ടവര്‍ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ വകുപ്പുകളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍, ഡിസ്ട്രിക്ട് കണക്ട്, പി.ജി.ആര്‍.എന്നിവ വഴി ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതികളുടെ അവലോകനവും യോഗത്തില്‍ നടന്നു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ പി.കെ.നവാസ്, അഡ്വ.എം.റഹ്‌മത്തുള്ള, നജീബ് കാന്തപുരം തുടങ്ങിയവരും പ്ലാനിങ് ഓഫീസര്‍ ടി.വി. ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എം.പി., വിവിധ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments