Skip to main content

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിങ്ങില്‍ ആഗോള വിപണിയിലെത്തിക്കാന്‍ കഴിയണം-ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.

മികച്ച ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പു വരുത്തിയ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിങ്ങില്‍ ആഗോള വിപണിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജനഗല്‍സ-2026 പട്ടികവര്‍ഗ അനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരുടെയും ഉത്തരമേഖലാ സംസ്ഥാനതല സംഗമത്തോടനുബന്ധിച്ച്  'തദ്ദേശീയ യുവത-ഉപജീവന സാധ്യതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടോക് ഷോയില്‍  സംസാരിക്കുകയായിരുന്നു എം.എല്‍എ.

തദ്ദേശീയ മേഖലയിലെ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ കുടുംബശ്രീ സംരംഭങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ലോക വിപണി ഉള്‍പ്പെടെയുളള ഇടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കുടുംബശ്രീ ശ്രമിക്കേണ്ടതെന്നും അതിന് നിലവില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടുന്നെങ്കില്‍ അത് മറികടക്കണമെന്നും എം.എല്‍.എ പറഞ്ഞു. സംരംഭകരുടെ ഉത്പന്ന വിപണനം സാധ്യമാക്കാന്‍ കുടുംബശ്രീ ശൃംഖലയെ പ്രയോജനപ്പെടുത്താന്‍ കഴിയും. ഉത്പന്ന നിര്‍മാണത്തിനാവശ്യായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതല്‍ ഉത്പാദനം വരെയുള്ള ഘട്ടങ്ങളില്‍ കുടുംബശ്രീ നേതൃത്വം നല്‍കണം.  തദ്ദേശീയ മേഖലയില്‍ ഉള്‍പ്പെടെ എല്ലാ സംരംഭകര്‍ക്കും ഫലപ്രദമായ മാര്‍ക്കറ്റിങ്ങ്, മെഷീനറി സംവിധാനം ,  മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനായുള്ള തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവ ലഭ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രത്യേകത അതിന്റെ വിശ്വാസ്യതയാണ്. ഇതു  പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതുവിപണിയില്‍ ഉത്പന്നങ്ങളെത്തിച്ചു കൊണ്ട് സംരംഭകര്‍ക്ക് സുസ്ഥിര വിപണിയും വരുമാനവും ലഭ്യമാക്കാന്‍ കഴിയണമെന്നും ജനഗല്‍സ അതിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ജനതയുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അവരെ മുഖ്യധാരാ സമൂഹത്തിലേക്ക് ചേര്‍ത്തു നിര്‍ത്തേണ്ടതും അവര്‍ക്കായി വിദ്യാഭ്യാസവും നൈപുണ്യ വികസനവും തൊഴിലും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗത അറിവും വിഭവശേഷിയും പ്രയോജനപ്പെടുത്തി ഓരോ പ്രദേശത്തിനും അനുയോജ്യമായ തൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്നതു വഴി സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പാക്കാനാവും.  ടൂറിസവും സ്‌പോര്‍ട്‌സും ഉള്‍പ്പെടെയുളള മേഖലകളില്‍ പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണം. തദ്ദേശീയ ജനതയുടെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റം, വിവിധ വികസന പദ്ധതികളിലെ പങ്കാളിത്തം എന്നിവയും  ടോക് ഷോയില്‍ ചര്‍ച്ച ചെയ്തു.
 
ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണിക്കൃഷ്ണന്‍ ഉപഹാരം നല്‍കി. ടോക് ഷോയില്‍ പങ്കെടുത്ത കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രദീപ് കുമാര്‍,  കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ ഗവേണന്‍സ് ആന്‍ഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം കോര്‍ഡനേറ്റര്‍ അഡ്വ. കെ.ജി രാമചന്ദ്രന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ്, ടോക് ഷോയില്‍ മോഡറേറ്ററായ ക്ഷീര വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ടും കുടുംബശ്രീ മുന്‍ ജില്ലാമിഷന്‍ കോര്‍ഡിനേറ്ററുമായ ബി. സുരേഷ് കുമാര്‍ എന്നിവര്‍ക്ക് എം.എല്‍.എ. ഉപഹാരം സമ്മാനിച്ചു.

date