Skip to main content

‘ചിറക്’ പദ്ധതി: ഭിന്നശേഷിക്കാർക്കായി സമഗ്ര വെബ്സൈറ്റ് പുറത്തിറക്കി

ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കാൻ കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ചിറക്' പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് മലപ്പുറം എ.ഡി.എം. പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ വിവിധ ക്ഷേമപദ്ധതികൾ, പെൻഷൻ, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാരീതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ എളുപ്പത്തിൽ ലഭ്യമാകും.

ഭിന്നശേഷിക്കാരുടെ സർഗാത്മക കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പോർട്ടൽ, അവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഡിജിറ്റൽ വിപണി, പ്രമുഖ വ്യക്തികളുടെ അതിജീവന കഥകൾ പരിചയപ്പെടുത്തുന്ന വിഭാഗം എന്നിവയും വെബ്സൈറ്റിന്റെ പ്രത്യേകതകളാണ്. ഭിന്നശേഷിക്കാരെക്കുറിച്ചുള്ള പൊതു അവബോധം വർധിപ്പിക്കുകയും അവകാശങ്ങളും അവസരങ്ങളും എല്ലാവരിലേക്കും എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ അറിയിച്ചു.

 

അമൽ ഇഖ്ബാൽ, കൗൺസിലർമാരായ ഫൗസിയ ഇക്ബാൽ, വി.കെ. ഖാലിദ്, സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ, ആശാ പ്രവർത്തകർ, പി.ടി.എ, മാനേജ്‌മെന്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി, സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, അസിസ്റ്റന്റ് സ്പെഷ്യൽ എജ്യുക്കേറ്റർ റാഷിദ് പയേരി, വിദ്യാർഥി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date