വി.ബി-ജി റാം ജി പദ്ധതിയെ ക്ഷീരമേഖലയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടും -മന്ത്രി സണ്ണിജോസഫ്
ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി.ജി റാം ജി പദ്ധതിയെ ക്ഷീരമേഖലയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എടക്കാട് ബ്ലോക്ക് ക്ഷീരസംഗമം മുണ്ടേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുദ്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകര്‍ഷകരും ക്ഷീരസംഘങ്ങളും നാടിന്റെ നട്ടെല്ലാണ്. ഉല്പാദന ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് തരണം ചെയ്യുന്നതിന് നിരവധി ആവശ്യങ്ങള്‍ ക്ഷീര കര്‍ഷകരും സംഘങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് വിബിജി റാം ജി പദ്ധതിയില്‍ ക്ഷീരകാര്‍ഷിക മേഖലയെ ഉള്‍പ്പെടുത്തുകയെന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കാന്‍ ആവശ്യപ്പെടും. ഒരു തൊഴില്‍ സംരംഭമായി പശുവളര്‍ത്തല്‍ നിരവധി കുടുംബങ്ങള്‍ ദീര്‍ഘകാലമായി കൊണ്ടുനടക്കുന്നവരുണ്ട്. ഒട്ടേറെ വന്‍കിട, ചെറുകിട ഫാമുകളും ഈ മേഖലയിലുണ്ട്. കാലിത്തീറ്റ, തീറ്റപ്പുല്‍ ഉതാപാദനം എന്നിങ്ങനെ ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന സംരംഭങ്ങളും ഏറെയാണ്. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സംഘങ്ങളെയും സംരംഭങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറമെ ക്ഷീര സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നിരവധി പദ്ധതികള്‍ നിറവേറ്റുന്നുണ്ട്. പുതിയ തലമുറകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ ക്ഷീരകാര്‍ഷിക മേഖലയെ മാറ്റുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല് സംഭരണം നടത്തിയ എളയാവൂര് ക്ഷീരസംഘത്തിനും, ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്ഷകന് കൊളച്ചേരി നാരായണന് നമ്പൂതിരിപ്പാടിനും വനിത കര്‍ഷക പി, സരിതയ്ക്കും യുവകര്ഷകന് പി. സജ്ലേഷിനും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്കി.
ചടങ്ങില്‍ അഡ്വ.ടി.ഒ.മോഹനന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.രശ്മി പദ്ധതി വിശദീകരണം നടത്തി.
ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.റസീന, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുനീഷ്കുമാര്‍, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷൈജ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ, കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശന്, ജില്ലാ പഞ്ചായത്തംഗം മോഹനന് മൂത്തേടത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ബിന്ദു, ക്ഷീരസംഗമം സംഘാടക സമിതി ചെയര്മാന് എം.പി.അബ്ദുള്‍ഖാദര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കര്‍ഷകപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തല്‍സമയ പാലുല്‍പ്പന്ന നിര്‍മ്മാണ പ്രദര്‍ശനം, സെമിനാറുകള്‍ തുടങ്ങിയവ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്നു. ക്ഷീരവികസന വകുപ്പ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, എടക്കാട് ബ്ലോക്ക് ക്ഷീരസംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷീരസംഗമം നടന്നത്.
- Log in to post comments