Skip to main content

ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ ആധുനികവത്കരിക്കും -മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മിച്ച ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ (സി.സി.എം.വൈ) ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു.   എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിലവിലുള്ള 24 പരിശീലന കേന്ദ്രങ്ങളും 17 സബ് സെന്ററുകളും വഴി ഇതുവരെ 4,000-ത്തിലധികം പേർക്ക് വിവിധ മേഖലകളിൽ ജോലി ലഭിച്ചിട്ടുണ്ട്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി  സി.സി.ടി.വി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തി പരിശീലന കേന്ദ്രങ്ങൾ നവീകരിച്ചു.

ദേശീയ-അന്തർദേശീയ തലങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പഠനപദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. പരീക്ഷകളിലോ അഭിമുഖങ്ങളിലോ കേരളത്തിലെ കുട്ടികൾ ഒരിക്കലും പിന്നിലായിപ്പോകരുത് എന്ന ലക്ഷ്യത്തോടെയാണ് കമ്പ്യൂട്ടർ പഠനവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നത്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി എൽ.പി, യു.പി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിയും, ഹൈസ്കൂളുകളിൽ എ.ഐ, റോബോട്ടിക്സ് സയൻസ് എന്നിവയും ഉൾപ്പെടുത്തി.  ആഗോളതലത്തിൽ മത്സരക്ഷമതയുള്ളവരായി കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു കെ.കെ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീഷ്മ ബാബുരാജ്, അഡ്വ. ഷംസീർ അഷറഫ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളിക്കുളശ്ശേരി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പി.കെ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ, പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹിം, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് , പ്രിൻസിപ്പൽ ശരത്ചന്ദ്രബാബു,  ജനപ്രതിനിധികൾ,  രാഷ്ട്രീയ പ്രതിനിധികൾ,  തുടങ്ങിയവർ സംസാരിച്ചു.

date