ജില്ലാ വികസന സമിതി തെരുവുനായ ശല്യം; തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേരും*
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ തെരുവനായ ശല്യം വര്‍ധിച്ചത് ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
മെഡിക്കൽ കോളജില്‍ സന്ദർശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിന് കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സാധ്യതകൾ പരിശോധിക്കും.
ദേശീയപാതയുടെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട സർവേയുടെ ഭാഗമായി അതിർത്തി നിർണയിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് ദേശീയപാത അധികൃതർ യോഗത്തില്‍ ഫ്രാൻസിസ് ജോർജ് എം.പിയെ അറിയിച്ചു. എം.പി. ലാഡ്സ് പ്രവൃത്തികളുടെ നിർവഹണം കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നിര്‍ദേശിച്ചു.
കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവീസുകളിൽ ചിലത് മെഡിക്കൽ കോളജ് വഴിയും കോട്ടയം റെയിൽവേ സ്റ്റേഷനു മുന്നിലൂടെയും തിരിച്ചു വിടുന്നതിന് നടപടി വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് റോണി കെ. ബേബി എംഎൽഎ. ആവശ്യപ്പെട്ടു. കോട്ടയം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറക്കൽ -പാറക്കടവ് പാലത്തിന്‍റെ പില്ലർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ പരിഹരിക്കണം.
കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിലെ നഴ്‌സുമാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും റോണി കെ. ബേബി എം.എൽ.എ. ആവശ്യപ്പെട്ടു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്ന് എം. ജെ. സെബാസ്റ്റ്യൻ എംഎൽഎ. ആവശ്യപ്പെട്ടു.
വൈക്കം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരും.
വൈക്കം–വിച്ചൂർ റോഡിന്‍റെ വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് കെ. ബിനിമോൻ എം.എൽ.എ. ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ സേവനങ്ങൾക്കായി ഇ-പോസ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന്‍റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഏറ്റുമാനൂർ മത്സ്യമാർക്കറ്റിന്റെ നവീകരണത്തിനായി പുതിയ പദ്ധതി സമർപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്‍റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതിനിധി മോഹൻ കെ. നായർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments