പേവിഷമുക്ത കേരളം: പ്രതിരോധ കുത്തിവെയ്പ് പദ്ധതി നാലാം ഘട്ടം ഒക്ടോബര്‍ 27 വരെ
പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെയ്പ് യജ്ഞം നാലാം ഘട്ടത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 30 രാവിലെ 9:30 ന് തിരുവല്ല എ ഡി ഡി എല്‍ ലാബില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ അധ്യക്ഷയാകും. കഴിഞ്ഞ കാലങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് നടത്തിയിട്ടുള്ള പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങളിലൂടെയാണ് പേവിഷബാധ നിയന്ത്രണവിധേയമാക്കിയത്. തുടര്‍ച്ചയായ കുത്തിവെപ്പിലൂടെ മാത്രമേ രോഗം തുടച്ചുനീക്കാന്‍ കഴിയുകയുള്ളൂ. ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 47,110 വളര്‍ത്തു നായ്കള്‍ക്കും 18,549 തെരുവ് നായ്കള്‍ക്കും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുത്തിവയ്പ് നല്കി. നായ്ക്കളില്‍ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പ്രതിരോധകുത്തിവയ്പ് പ്രതിവര്‍ഷം കൃത്യമായും നല്‍കേണ്ടതുണ്ട്. വളര്‍ത്തു നായകള്‍ക്ക് വേണ്ടി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെ നാലാം ഘട്ട പേവിഷ ബാധ പ്രതിരോധകുത്തിവയ്പ് കാമ്പയിന് ജില്ലയിലുടനീളം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. കുത്തിവയ്പിനു വിധേയമാക്കുന്ന വളര്‍ത്തു നായകള്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. 12 ആഴ്ചക്ക് മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള നായകളെ നിര്‍ബന്ധമായും കുത്തിവയ്പിന് വിധേയമാക്കണം. ബൂസ്റ്റര്‍ ഡോസ് പ്രാഥമിക കുത്തിവെയ്പിനു ശേഷം മൂന്ന് - നാല് ആഴ്ച കഴിഞ്ഞു നല്‍കേണ്ടതും തുടര്‍ന്ന് എല്ലാ വര്‍ഷവും തുടര്‍ വാക്സിനേഷന് നല്‍കേണ്ടതുമാണ്. പ്രതിരോധകുത്തിവയ്പ്പിന് നായകള്‍ക്ക് വാക്സിനേഷന് ചാര്‍ജ്ജ് 55 രൂപ ഈടാക്കും. നായയെ വളര്ത്തന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമാനുസൃത ലൈസന്‍സ് നല്‍കുന്നുണ്ട്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുമായി തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സമീപിച്ചു ലൈസന്‍സ് നേടണം. 12-ആഴ്ചക്കു താഴെ പ്രായമുള്ള നായ്ക്കുട്ടികള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആന്റി റാബീസ് വാക്സിന് സ്വീകരിച്ച ആറ് മാസത്തിനു മുകളില്‍ പ്രായമുള്ള നായ്ക്കള്‍, രോഗമുള്ളവ എന്നീ വിഭാഗത്തില്‍പ്പെട്ടവയെ വാക്സിനേഷനില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
- Log in to post comments