പട്ടികജാതി-പട്ടികവർഗ ക്ഷേമ സമിതിയുടെ തെളിവെടുപ്പ്: പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ നിർദേശം
പതിനാറാം കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റി എറണാകുളം കളക്ടറേറ്റിൽ സംഘടിപ്പിച്ച പരാതി പരിഹാര സിറ്റിംഗിൽ നിരവധി പരാതികൾക്ക് തീർപ്പായി. സമിതി ചെയർപേഴ്സൺ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ലഭിച്ച പരാതികളിൽ ഉചിതമായ പരിഹാരം ഉറപ്പാക്കുന്നതിനായി വിപുലമായ നിർദ്ദേശങ്ങളാണ് നൽകിയത്.
ജില്ലയിൽ നിന്ന് ലഭിച്ച നിരവധി പരാതികളിൽ ഭൂരിഭാഗവും അതത് വകുപ്പുകളിൽ നിന്ന് റിപ്പോർട്ടുകൾ വരുത്തി പരാതിക്കാരുമായി ചർച്ച ചെയ്ത് സമിതി നേരത്തെ തന്നെ തീർപ്പാക്കിയിരുന്നു. നേരിട്ട് തെളിവെടുപ്പ് നടത്തേണ്ട അഞ്ച് പ്രധാന പരാതികളാണ് ഇന്നത്തെ സിറ്റിംഗിൽ പരിഗണിച്ചത്. ഈ പരാതികളിൽ സമിതി അനുകൂലമായ തീരുമാനങ്ങൾ കൈക്കൊണ്ടു. കൂടാതെ, ഇന്ന് ലഭിച്ച 15 പുതിയ പരാതികളിൽ ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പരാതികൾ റിപ്പോർട്ടിനായി എഡിഎമ്മിന് കൈമാറി. ബാക്കി 12 പരാതികൾ തുടര്‍നടപടികൾക്കായി അണ്ടർ സെക്രട്ടറിക്ക് കൈമാറി.
ഒരു മാസത്തിൽ മൂന്ന് യോഗങ്ങൾ വീതം ചേർന്ന് പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിൽ രണ്ട് യോഗങ്ങൾ തിരുവനന്തപുരത്തും ഒരു യോഗം വിവിധ ജില്ലകളിൽ നേരിട്ടെത്തിയുമാണ് സംഘടിപ്പിക്കുന്നത്.
സമയബന്ധിതമായും കൃത്യതയോടെയും റിപ്പോർട്ടുകൾ നൽകാൻ വകുപ്പുകൾ ബാധ്യസ്ഥരാണ്. അർഹരായവർക്ക് നീതി ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് സമിതി ചെയർപേഴ്സൺ വ്യക്തമാക്കി.
സിറ്റിങ്ങിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം എൽ എമാരായ വി പി സജീന്ദ്രൻ, കെ ബിനി മോൻ, എഫ് രാജ, വി ടി സൂരജ്, പി പി സുമോദ്, അണ്ടർ സെക്രട്ടറി സ്മിത, എഡിഎം കെ. മനോജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments