Skip to main content

ലോക ഹൃദയദിനാചരണവും സി.പി.ആര്‍. പരിശീലനവും സംഘടിപ്പിച്ചു

കടുങ്ങാത്തുകുണ്ടിലെ ആമിന ഐ.ടി.ഐയില്‍ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസും സി.പി.ആര്‍. പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കെ.ജി.എം.ഒ.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസുദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

തിരൂര്‍ ജില്ലാ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോ. അജ്മല്‍ ഷാ ഹൃദയാരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു. അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിന് സഹായകരമാകുന്ന സി.പി.ആര്‍. രീതികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രായോഗിക പരിശീലനം നല്‍കി. കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റുമായ ഡോ. എം. ടി. ഗീത, തിരൂര്‍ ജില്ലാ ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. എ.കെ. സജീല , പാങ്ങ് കുടുംബാരോഗ്യകേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. എം.പി. സല്‍വ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

'ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത്' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ഹൃദയദിനാചരണം നടക്കുന്നത്. ചടങ്ങില്‍ എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ്ഖാന്‍ വിഷയാവതരണം നടത്തി. മാസ് മീഡിയ ഇന്‍-ചാര്‍ജ് പി. രാജന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. ദേവദാസ്, ആമിന ഐ.ടി.ഐ. മാനേജര്‍ ജംഷീര്‍ മയ്യേരി, ഐ.ഇ.സി. കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ , പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍ , ജെ.എച്ച്.ഐ. അരുണ്‍ കുമാര്‍, പി.ആര്‍.ഒ. ഗ്ലാഡ്സ്റ്റണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date