രക്തദാനം മഹാദാനം; വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം: അൻവർ സാദത്ത് എം.എൽ.എ
രക്തദാനം ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണെന്നും ചെറുപ്പകാലത്ത് തന്നെ വിദ്യാർത്ഥികൾ ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം മഹാത്മ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെയും ദേശീയ രക്തദാന ദിനത്തിന്റെയും ഭാഗമായി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ രക്തദാന ബോധവത്കരണ സെമിനാറും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സമയത്ത് തന്റെ ആദ്യകാല രക്തദാന അനുഭവങ്ങൾ അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. ആപത്ത് ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രക്തദാനത്തിലൂടെ സാധിക്കും. കോളേജുകളിൽ നിലവിലുള്ള രക്തദാന സംവിധാനങ്ങൾ കൂടുതൽ സജ്ജവും ഏകോപിതവുമാക്കിയാൽ, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് കൂടുതൽ വേഗത്തിൽ സഹായമെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ യു.സി. കോളേജിൻ്റെ മുൻ മാനേജർ കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡന്റ് രമേഷ് കുര്യൻ മുഖ്യാതിഥിയായി, രക്തദാന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി . ഗേൾസ് ബറ്റാലിയൻ എൻ.സി.സി അസോസിയേറ്റ് ഓഫീസർ നിനോ ബേബി, തിരുവാങ്കുളം മഹാത്മ കോർഡിനേറ്റർ ആർ. രഞ്ജിത്കുമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
50 വിദ്യാർത്ഥികൾ രക്തദാന ക്യാമ്പിൽ പങ്കാളികളായി രക്തദാനം നടത്തി.
- Log in to post comments