Skip to main content

ജീവിതത്തിൽ വിജയം നേടുന്നതിന് അടിസ്‌ഥാനം മികച്ച വിദ്യാഭ്യാസം :മന്ത്രി റോജി എം ജോൺ 

 

'ചിറക്': ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മികച്ച വിജയം നേടിയ  വിദ്യാർഥികളെ ആദരിച്ചു*

 

ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിക്കുവാനും ആഗ്രഹിക്കുന്ന ലക്ഷ്യം  കൈവരിച്ച് വിജയം നേടുന്നതിനുള്ള  അടിസ്‌ഥാനപരമായ മാർഗമാണ് മികച്ച വിദ്യാഭ്യാസമെന്ന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു.

ജില്ലയിലെ 48 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ  ആദരിക്കുന്ന ചടങ്ങ് 'ചിറക്' കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   

പോരായ്മകളൊക്കെ അതിജീവിക്കാൻ നമ്മളുടെയൊരു കഠിനമായ പരിശ്രമം ആവശ്യമാണ്.  ലക്ഷ്യം കണ്ടെത്തി മുന്നോട്ട്  പോകാനുള്ള  മനസ്സും വിദ്യാർഥികൾക്ക് ഉണ്ടാകണം.
തുടക്കകാലത്ത് നല്ല മാർക്ക് വാങ്ങി ഉന്നത വിദ്യാഭ്യാസത്തിൽ എത്തുമ്പോൾ പിന്നോട്ടു പോകുന്ന കുട്ടികളുണ്ട്. അതുപോലെ എസ് എസ് എൽ സിക്കും , പ്ലസ് ടുവിനും കുറഞ്ഞമാർക്ക് നേടുകയും പിന്നീട് യൂണിവേഴ്‌സിറ്റികളിൽ റാങ്ക് നേടുകയും ചെയ്യുന്ന കുട്ടികളേയും കാണാറുണ്ട്. ഇതിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. സമൂഹത്തിൽ പരിമിതികളെ അതിജീവിച്ച് തുല്യത കൈവരിക്കുവാനും
നമ്മൾ ആഗ്രഹിക്കുന്ന നിലയിലേക്ക് ഉയർന്നു വരുവാനും
നമ്മളെ വിദ്യാഭ്യാസം സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

123 കുട്ടികൾ മന്ത്രിയുടെ കയ്യിൽ നിന്നും അവാർഡും, സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി എറണാകുളം, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ  സ്പോൺസർഷിപ്പിലുമാണ്  ചടങ്ങ് സംഘടിപ്പിച്ചത്.
  ജില്ലാ കളക്ടർ ജി പ്രിയങ്ക  അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപക് ജോയ് എം എൽ എ, ബാലാവകാശ സംരക്ഷണ കമീഷൻ അംഗം കെ കെ ഷാജു എന്നിവർ വിശിഷ്ടാതിഥികളായി. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ എ ജി എം ലത്തീഫ് കാസിം മുഖ്യതിഥിയായി.  എഡിഎം  കെ. മനോജ്, വനിതാ ശിശുവികസന ഓഫീസ് സീനിയർ സൂപ്രണ്ട് സി എ സാബിർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഉല്ലാസ് മധു, അംഗങ്ങളായ എം ശ്രീലക്ഷ്‌മി, ജിൻസിമോൾ കുര്യൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഡോ. ജയന്തി പി നായർ തുടങ്ങിയവർ പങ്കെടുത്തു.

date