100% മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യവുമായി ബൃഹദ് ക്യാമ്പയിന് തുടക്കമിട്ട് സർക്കാർ
*ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും
സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന 'നിർമലം' - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് എറണാകുളം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മാലിന്യസംസ്‌കരണത്തിൽ രാജ്യത്തെ മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ഏകോപിപ്പിക്കുന്ന ഈ ജനകീയ ക്യാമ്പയിന്റെ ലക്ഷ്യം. മൂന്നുഘട്ടങ്ങളിലായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. മാലിന്യസംസ്‌കരണത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ സർക്കാർ ഏജൻസികളെ ഉൾപ്പെടുത്തി വേസ്റ്റ് മാനേജ്‌മെന്റ് അതോറിറ്റിയോ കോർപ്പറേഷനോ രൂപീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഹ്രസ്വകാല ക്യാമ്പയിൻ 2027 ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കും. സംസ്ഥാനത്തെ 30 ശതമാനം വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉണ്ടാക്കുക, 20 ശതമാനം വൻകിട മാലിന്യ ഉത്പാദകരും ഉറവിട ജൈവമാലിന്യ സംസ്‌കരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, 100 തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ജൈവമാലിന്യ സംസ്‌കരണ ശേഷിയിലേക്ക് ഉയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. പൊളിക്കുന്ന കെട്ടിടങ്ങളുടെ മാലിന്യ ശേഖരണ സംവിധാനം കോർപറേഷനുകളിൽ ഒരുക്കുന്നതിനൊപ്പം 40 ശതമാനം സാനിറ്ററി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനും ഇതിനായി രണ്ട് പുതിയ പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ലക്ഷ്യമുണ്ട്.
2027 ഒക്ടോബർ രണ്ട് മുതൽ 2030 ജൂൺ അഞ്ച് വരെ നീണ്ടുനിൽക്കുന്ന മധ്യകാല ക്യാമ്പയിനിൽ സംസ്ഥാനത്തെ 70 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കും. കൂടാതെ 500 തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ ജൈവമാലിന്യ സംസ്‌കരണ ശേഷിയിലേക്ക് ഉയർത്തുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലും സ്വകാര്യ നിക്ഷേപത്തിലൂടെയും പുതിയ റീസൈക്ലിങ് പ്ലാന്റുകളും സജ്ജീകരിക്കും. അത്യാധുനിക ഇ-മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. പൊളിക്കുന്ന കെട്ടിടങ്ങളുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. നാല് സാനിറ്ററി മാലിന്യസംസ്‌കരണ പ്ലാന്റുകൾ പ്രവർത്തനസജ്ജമാക്കും.
2030 ജൂൺ 5 മുതൽ 2031 മാർച്ച് 30 വരെയുള്ള ദീർഘകാല കാമ്പയിനിൽ സംസ്ഥാനത്തെ 100% വീടുകളിലും സ്ഥാപനങ്ങളിലും പൂർണമായ ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കും. അജൈവ മാലിന്യങ്ങളുടെ 100 ശതമാനം ശേഖരണവും ശാസ്ത്രീയ പരിപാലനവും സാധ്യമാക്കും. പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം, തുണി, പേപ്പർ റീസൈക്ലിങ് പ്ലാന്റുകൾ സ്ഥാപിക്കും. വേസ്റ്റ് ടു എനർജി പ്ലാന്റും (പൊളിക്കുന്ന കെട്ടിടങ്ങളുടെ) മാലിന്യസംസ്‌കരണ പ്ലാന്റും പൂർണ തോതിൽ പ്രവർത്തനസജ്ജമാകും. എല്ലായിടത്തും അത്യാധുനിക പൊതുശുചിമുറികൾ ലഭ്യമാക്കും.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന 12 ആർഡിഎഫ് പ്ലാന്റുകൾ, കൊച്ചിയിൽ ആരംഭിക്കുന്ന 500 ടിപിഡി വേസ്റ്റ് ടു എനർജി പ്ലാന്റ് എന്നിവ യാഥാർഥ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാകും. കൂടാതെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ജൈവമാലിന്യ സംസ്‌കരണപ്ലാന്റുകൾ സജ്ജമാക്കും. പദ്ധതി നടത്തിപ്പ് വിലയിരുത്താൻ മൂന്ന് മാസം കൂടുമ്പോൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.
ഒക്ടോബർ 2 മുതൽ 7 വരെ പൊതുജനങ്ങൾ പങ്കെടുക്കുന്ന സംസ്ഥാനവ്യാപക ശുചീകരണ യജ്ഞം സംഘടിപ്പിക്കും. മന്ത്രിമാരായ വി. ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ് എന്നിവരും എം.പി മാർ എം.എൽ.എ മാർ മറ്റ് തദ്ദേശ ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.
തദ്ദേശഭരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ, ഡയറക്ടർ (റൂറൽ) അപൂർവ ത്രിപാഠി, ഡയറക്ടർ (അർബൻ) സൂഫിയാൻ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി വിഘ്‌നേശ്വരി, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡി. ധർമലശ്രീ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4081/2026
- Log in to post comments