Skip to main content

നൂറുദിന കര്‍മ്മപദ്ധതി: മലപ്പുറം ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പുതുയുഗ കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ അവലോകനം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സെക്രട്ടറിയേറ്റിലെ പ്രധാന കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. 50 വകുപ്പുകളിലായി ലക്ഷ്യമിട്ട 598 പദ്ധതികളില്‍ 371 പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിവിധ വകുപ്പുകള്‍ ജില്ലയില്‍ 100 ശതമാനവും പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.  

സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ സ്‌കൂളുകളില്‍ നൂറ് കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യം മറികടന്ന് 142 എണ്ണം പൂര്‍ത്തിയാക്കാനായി. കൂടാതെ, നിലമ്പൂര്‍ താലൂക്കിലെ എട്ട് ഉന്നതികളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം ആരംഭിക്കുകയും കിടപ്പുരോഗികള്‍ക്ക് റേഷന്‍ എത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തു. പൊലീസ് വകുപ്പിന് കീഴില്‍ നിശ്ചയിച്ച ക്ലീന്‍ & ഗ്രീന്‍ സ്റ്റേഷനുകള്‍, ക്യു.ആര്‍. കോഡ് സംവിധാനം, ജനമൈത്രി ബീറ്റ്, ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകള്‍, അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരായ ബോധവത്കരണം ഉള്‍പ്പെടെയുള്ള ഏഴ് പദ്ധതികളും പൂര്‍ത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ 90 ശതമാനത്തോളം പൂര്‍ത്തിയായതായും പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളിലെ എം.സി.എഫുകളുടെ നിര്‍മ്മാണവും മഞ്ചേരിയിലെ പൊതുശൗചാലയ പ്രവൃത്തികളും പൂര്‍ത്തിയായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന് കീഴില്‍ വിവിധ അര്‍ബന്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എട്ട്  ബദല്‍ സ്‌കൂളുകളെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളായി ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (വെള്ളി) മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ധീന്‍ നിര്‍വഹിക്കും. ഇവയില്‍ അഞ്ചു ബദല്‍ സ്‌കൂളുകളും മലപ്പുറത്താണ്.  കൂടാതെ അക്വാഫിറ്റ് നീന്തല്‍ പരിശീലനം, 'സുബോധം' ലഹരിവിരുദ്ധ പദ്ധതി, സീറോ ഡ്രോപ്പ് ഔട്ട് പദ്ധതികള്‍ എന്നിവ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. എക്‌സൈസ് വകുപ്പില്‍ റിലാക്‌സ് സെന്ററുകള്‍, കോളെജുകളെ ലഹരിമുക്ത ക്യാംപസുകളാക്കല്‍, പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം എന്നിവയും ഫിഷറീസ് വകുപ്പിന്റെ പൊന്നാനി, താനൂര്‍ കോള്‍ഡ് സ്റ്റോറേജുകളുടെ പ്രവൃത്തികളും യോഗം വിലയിരുത്തി. വനമേഖലയില്‍ സോളാര്‍ തൂക്കുവേലികള്‍, ഊരുകളിലേക്കുള്ള കാടുവെട്ടല്‍, റോഡ് നിര്‍മ്മാണം എന്നിവ ഭൂരിഭാഗവും പൂര്‍ത്തിയായി. കെ.എസ്.ഇ.ബിയുടെ ലൈന്‍ നിര്‍മ്മാണവും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കലും അവസാനഘട്ടത്തിലാണ്.

ആദ്യ നൂറുദിനം പൂര്‍ത്തിയാകാന്‍ എട്ടു ദിവസം ബാക്കി നില്‍ക്കെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ വകുപ്പുകളും തങ്ങള്‍ക്ക് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എ.ഡി.എം. പി.ഒ.സാദിഖ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date