Skip to main content

'ഓണര്‍ എ ഹോം' പദ്ധതിയുടെ ഉദ്ഘാടനത്തില്‍ സായംപ്രഭ അംഗങ്ങളുടെ ഓണ്‍ലൈന്‍ പങ്കാളിത്തം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഓണര്‍ എ ഹോം' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേങ്ങര മോഡല്‍ സായംപ്രഭ ഹോമിലെ ഗുണഭോക്താക്കള്‍ ഓണ്‍ലൈനായി പങ്കെടുത്തു.

വേങ്ങര മോഡല്‍ സായംപ്രഭ ഹോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം സായംപ്രഭ അംഗങ്ങള്‍ പങ്കെടുത്തു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കന്‍, സെക്രട്ടറി കെ.ബി. ലക്ഷ്മി , വാര്‍ഡ് ജനപ്രതിനിധികള്‍, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരും സന്നിഹിതരായി.

ചെറൂര്‍ പി.പി.ടി.എം. ആര്‍ട്‌സ് & സയന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ 30 വിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമായി സായംപ്രഭ ഹോം സന്ദര്‍ശിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ മുതിര്‍ന്ന പൗരന്മാരുമായി സൗഹൃദം പങ്കുവെക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

മുതിര്‍ന്ന പൗരന്മാരും യുവതലമുറയും തമ്മിലുള്ള തലമുറകളുടെ സൗഹൃദവും പരസ്പര ഇടപെടലും ശക്തിപ്പെടുത്തുന്ന അനുഭവമായി പരിപാടി മാറി. സായംപ്രഭ അംഗങ്ങളോടൊപ്പം സമയം ചെലവഴിച്ച വിദ്യാര്‍ഥികള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കേള്‍ക്കുകയും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

date