Skip to main content

രക്തദാന രംഗത്ത് മലപ്പുറത്തിന് അഭിമാന നേട്ടം

നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾക്കും മഞ്ചേരി മെഡിക്കൽ കോളേജിനും സംസ്ഥാനതല പുരസ്കാരങ്ങൾ

 

സന്നദ്ധ രക്തദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മൂന്ന് പ്രധാന ആരോഗ്യ സ്ഥാപനങ്ങൾക്ക് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ സംസ്ഥാനതല അംഗീകാരം. നിലമ്പൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ബ്ലഡ് സെന്ററുകൾ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടി.

 

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന് രണ്ട് സംസ്ഥാനതല പുരസ്കാരങ്ങളാണ് ലഭിച്ചത്. വോളന്ററി ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിലൂടെ മെഡിക്കൽ കോളേജ് വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ശേഖരിച്ച ആശുപത്രിയായാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിനെ തിരഞ്ഞെടുത്തത്. കൂടാതെ ബ്ലഡ് ബാഗ് ട്രേസബിലിറ്റി പ്രോജക്ട് വിജയകരമായി നടപ്പാക്കിയതിനും പുരസ്കാരം ലഭിച്ചു. ബ്ലഡ് സെന്റർ ടെക്നിക്കൽ സൂപ്പർവൈസർ റുക്നുദ്ദീൻ എൻ, ടെക്നീഷ്യൻ ബിജിത്ബാൽ പി എന്നിവരുടെയും ബ്ലഡ് സെന്ററിലെ മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ.

 

ബ്ലഡ് ബാഗ് ട്രേസബിലിറ്റി പ്രോജക്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി നടപ്പാക്കിയതിനും സന്നദ്ധ രക്തദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മൂന്ന് സംസ്ഥാനതല പുരസ്കാരങ്ങളാണ് ലഭിച്ചത്. ജില്ലാശുപത്രി തലത്തിൽ കൂടുതൽ( 12,885 എണ്ണം) സന്നദ്ധ രക്തദാനം ജില്ലാശുപത്രി തലത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ (255 ക്യാമ്പുകൾ, 8262 യൂണിറ്റ് രക്തം) സംഘടിപിച്ചതിനുമാണ് രണ്ട് പുരസ്കാരങ്ങൾ. കൂടാതെ ബ്ലഡ് ബാഗ് ട്രേസബിലിറ്റി പ്രോജക്ടിന്റെ മൂന്നാം ഘട്ടം വിജയകരമായി നടപ്പാക്കിയതിനും അംഗീകാരം ലഭിച്ചു.ഡോ. അനസ്, നജീബ് , റഷീദ് തുടങ്ങിയവർ ജില്ലാശുപത്രി ബ്ലഡ് ബാങ്കിനു വേണ്ടി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 

 

ബ്ലഡ് ബാഗ് ട്രേസബിലിറ്റി പ്രോജക്ട് വിജയകരമായി നടപ്പാക്കിയ ജില്ലാ ആശുപത്രികളിൽ ഒന്നാം സ്ഥാനത്തെത്തിയതിനാണ് നിലമ്പൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന് സംസ്ഥാനതല പുരസ്കാരം ലഭിച്ചത്. ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരനിൽ നിന്ന് നിലമ്പൂർ ജില്ലാ ആശുപത്രിക്കുവേണ്ടി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രവീണയും ടെക്നിക്കൽ സൂപ്പർവൈസർ അജിത്തും പുരസ്കാരം ഏറ്റുവാങ്ങി.

 

രക്തദാതാവിൽ നിന്ന് രക്തം സ്വീകരിക്കുന്നതു മുതൽ പരിശോധന, ഘടക വേർതിരിക്കൽ, സംഭരണം, വിതരണം എന്നിവയിലൂടെ സ്വീകർത്താവിലേക്ക് എത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കൃത്യമായി പിന്തുടരാനും രേഖപ്പെടുത്താനും ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം സഹായിക്കുന്നു. ഇതിലൂടെ രക്തത്തിന്റെ ഗുണനിലവാരവും സുരക്ഷയും കൂടുതൽ ഉറപ്പാക്കാൻ സാധിക്കും.

 

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിലും സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിലും മലപ്പുറം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച സംസ്ഥാനതല അംഗീകാരങ്ങൾ ജില്ലയുടെ രക്തദാന പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനമായി.

date