Skip to main content

വയോജന ദിനാചരണം: കലയും സൗഹൃദവും നിറച്ച് തൃശ്ശൂരില്‍ ആഘോഷം

 

 

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വയോജന ദിനാചരണം സംഘടിപ്പിച്ചു. രാമവർമ്മപുരം വിജ്ഞാൻസാഗറിൽ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍. പ്രദീപന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയോജന കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ഇ.സി. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. വയോജന കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ കാനാട്ട്, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ ട്രഷറര്‍ അലക്‌സ് ജോസഫ്, തൃശൂര്‍ പ്രൊബേഷന്‍ ഓഫീസര്‍ ആര്‍. റോഷ്ണി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സിനോ സേവി കൃതജ്ഞത രേഖപ്പെടുത്തി. വയോജന ദിനാചരണം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ തൃശൂര്‍ വിമല കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു സംഘടിപ്പിച്ചത്.  

 

ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഗാനങ്ങളും നൃത്തച്ചുവടുകളും വേദിയെ സജീവമാക്കിയപ്പോള്‍, വിവിധ സ്ഥാപനങ്ങളിലെ താമസക്കാര്‍ അണിനിരന്ന ഫാഷന്‍ ഷോ ഏറെ ശ്രദ്ധേയമായി. വയോജനങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും സര്‍ഗാത്മകതയും പ്രകടമാക്കിയ പരിപാടികള്‍ സദസ്സിന് വേറിട്ട അനുഭവമായി. പാട്ടും നൃത്തവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ദിനാചരണം വയോജനങ്ങളുടെ സന്തോഷവും സാമൂഹിക പങ്കാളിത്തവും ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ സന്ദേശമായി മാറി.

date