നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിൻ; തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ. ജെ. ജനീഷ് നിർവ്വഹിച്ചു*
സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന "നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർവ്വഹിച്ചു. കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടന്ന പരിപാടിയിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തിൽ തന്നെ തരംതിരിക്കുക, ശാസ്ത്രീയ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയോജിത പങ്കാളിത്തത്തോടെ സുസ്ഥിരമായ മാലിന്യപരിപാലന സംവിധാനം ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വികസിത സമൂഹത്തിന് ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്ന് ഉന്നത നിലവാരത്തിലുള്ള ശുചിത്വ പരിപാലനമാണെന്ന് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. ലോകോത്തരമായ ആരോഗ്യ മേഖലയുള്ള കേരളത്തിന് മാലിന്യ സംസ്കരണ രംഗത്തും മാതൃകാപരമായ മുന്നേറ്റം കൈവരിക്കാൻ സാധിക്കും.
ശുചിത്വം എന്നത് കേവലം ഒരു പ്രചാരണ പരിപാടി മാത്രമായി കാണാതെ, അത് നമ്മുടെ ദൈനംദിന ജീവിതരീതിയുടെ ഭാഗമായി മാറ്റിയെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ ഭരണകൂട സംവിധാനങ്ങളുടെയും ഏകോപിത പ്രവർത്തനങ്ങൾക്കൊപ്പം ഓരോ പൗരനും ശുചിത്വ പരിപാലനം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതുണ്ട്. പൗരബോധത്തോടും സാമൂഹിക പ്രതിബദ്ധതയോടും കൂടി സ്വന്തം പരിസരവും അയൽപക്കവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ പകർച്ചവ്യാധികളെ ചെറുക്കാനും രോഗരഹിത സമൂഹം സൃഷ്ടിക്കാനും സാധിക്കൂ. ഗ്രാമങ്ങളിലും നഗരങ്ങളിലും ശുചിത്വ ബോധവൽക്കരണം എത്തിക്കുന്നതിൽ ഹരിതകർമ്മസേനാ അംഗങ്ങൾ നടത്തുന്ന സേവനങ്ങൾ പ്രശംസനീയമാണ്.
നാടിന്റെ തെരുവുകളും റോഡുകളും പൊതുവിപണികളും വീടുകളും ആശുപത്രികളും കൂടുതൽ ശുചിത്വമുള്ളതും മനോഹരവുമാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പ്രചാരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന റീ-ഇമാജിനിംഗ് കേരളയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ശുചിത്വമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ശ്യാമലക്ഷ്മി എന്നിവർ ക്യാമ്പയിൻ വിശദീകരിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വരുൺ ജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments